ഓണ്‍ലൈൻ ട്രേഡിങ് തട്ടിപ്പ്, നാലുപേർ പിടിയിൽ; 20 മൊബൈൽഫോണുകളും 8.40 ലക്ഷവും പിടിച്ചെടുത്തു

സുല്‍ത്താന്‍ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍കവരുന്ന തട്ടിപ്പുസംഘത്തെ ബത്തേരി പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടി. തിരുവനന്തപുരം പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിന്‍(28), കഴക്കൂട്ടം, ഷീല ഭവന്‍ അനന്തു(29), പാലക്കാട് സ്വദേശി ആനക്കര, കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി, കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് ബത്തേരി ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇവരില്‍നിന്ന് 20 മൊബൈല്‍ ഫോണുകളും എട്ട് സിംകാര്‍ഡുകളും ഒമ്പത് എ.ടി.എം. കാര്‍ഡുകളും 8,40,000 രൂപയും പിടിച്ചെടുത്തു.

വിശ്വാസവഞ്ചന നടത്തി പലതവണയായി 2,30,000 രൂപ കവര്‍ന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വന്‍ തട്ടിപ്പുസംഘത്തിലേക്കെത്തിയത്.

2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയില്‍നിന്ന് ട്രേഡ് വെല്‍ എന്ന കമ്പനിയില്‍ ട്രേഡിങ് ചെയ്യുകയാണെങ്കില്‍ സര്‍വീസ് ബെനഫിറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നത്.

Share
അഭിപ്രായം എഴുതാം