മിനിമം വേതനമില്ലാതെ 710 പേര്‍, ടെസ്റ്റൈല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധന, കണ്ടെത്തിയത് മുന്നൂറോളം നിയമലംഘനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്സ്റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പ് നടത്തിയ വ്യാപക മിന്നല്‍ പരിശോധനയെ തുടർന്ന് മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
സംസ്ഥാനത്തെ 82 ഷോറൂമുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ ആൻഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ് നിയമം എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജോലിസ്ഥലത്തു ഇരിക്കാനുള്ള അവകാശം, ബാലവേല എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.

റീജിയണല്‍ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3724 തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ 710 തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച്‌ റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം