ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം ദേശാഭിമാനിയില്‍; സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത് ഇതാദ്യം

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. ‘റംസാന്‍: സാഹോദര്യത്തിന്റെ, മാനവികതയുടെ പ്രഖ്യാപനം’ എന്ന തലക്കെട്ടില്‍ റംസാന്‍ വ്രതാരംഭത്തെക്കുറിച്ചാണ് ലേഖനം. ഇത് ആദ്യമായാണ് ദേശാഭിമാനിയില്‍ സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത്. ദേശാഭിമാനിയോടും സിപിഐഎമ്മിനോടുമുള്ള നിലപാട് മാറ്റത്തിന്റെ സൂചനയാണ് ലേഖനമെന്നാണ് വിലയിരുത്തല്‍. എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. സമസ്ത സിപിഎമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണത്തിനിടയിലാണ് ജിഫ്രിമുത്തുക്കോയ തങ്ങളുടെ ദേശാഭിമാനി ലേഖനം.

സമസ്ത അധ്യക്ഷൻ്റ ആഹ്വാനം വിശ്വാസികൾക്കുള്ളതാണ്. ദേശാഭിമാനിയുടെ വായനക്കാരോട് കൂടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംവദിക്കുന്നത്. നിരീശ്വരവാദത്തിൻ്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമെന്ന ആക്ഷേപം ദേശാഭിമാനിയെക്കുറിച്ച് സമസ്തയ്ക്കുണ്ടായിരുന്നു, അതേ പത്രത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സമസ്ത അധ്യക്ഷൻ ലേഖനമെഴുതുന്നതിൻ്റെ രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രസക്തമാണ്.

മുസ്ലിം ലീഗ് അണികളെയും സമസ്തയുടെ പ്രവർത്തകരെയും അഭിസംബോധന ചെയ്ത് ചന്ദ്രികയിലും സുപ്രഭാതത്തിലും എഴുതുന്ന സാധാരണ റമദാൻ സന്ദേശത്തിനപ്പുറം സിപിഐഎം പ്രവർത്തകരും അനുഭാവികളും ഉൾപ്പെടുന്ന മറ്റൊരു രാഷ്ട്രീയ വായനക്കാരെ സമസ്ത അഭിസംബോധന ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. പൗരത്വ നിയമഭേദഗതി സംബന്ധിച്ചും ഏകസിവിൽ കോഡ് സംബന്ധിച്ചും സിപിഐഎം സംഘടിപ്പിച്ച സെമിനാറിൽ സമസ്ത നേതൃത്വത്തെ പങ്കെടുപ്പിക്കാൻ സാധിച്ചിരുന്നു. വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിലും സമസ്തയുടെ ആശിർവാദം ആഗ്രഹിക്കുന്ന സിപിഐഎമ്മിനുള്ള നല്ല സന്ദേശം കൂടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ദേശാഭിമാനി ലേഖനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →