എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം

ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ ന്യൂസിനോട് പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ സസ്പെൻഷൻ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ടെന്ന് രാജേന്ദ്രൻ പറയുന്നു. തന്നെ പുറത്ത് നിർത്തുന്നതിന് പിന്നിൽ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല. ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു

Share
അഭിപ്രായം എഴുതാം