ഹൂതികളുടെ ആക്രമണം: മരിച്ച കപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി, മൂന്നുപേര്‍ക്ക് ഗുരുതരം, ജീവനക്കാരില്‍ ഇന്ത്യക്കാരനും

സന: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച ചരക്കുകപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പല്‍ ആക്രമിക്കപ്പെടുന്നത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലില്‍ നേരത്തേയും കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികള്‍ കപ്പലുകള്‍ക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതല്‍ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ച ഹൂതികളുടെ മിസൈല്‍ പതിച്ച എം എസ് സി സ്കൈ-2 എന്ന കപ്പലിനെ ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു. 13 ഇന്ത്യക്കാരടക്കം 23 ജീവനക്കാരും സുരക്ഷിതരാണ്.

അതേസമയം, ചെങ്കടലിലെ അന്തർ സമുദ്ര കമ്മ്യൂണിക്കേഷൻ കേബിളുകള്‍ മുറിഞ്ഞ സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച്‌ ഹൂതികള്‍ രംഗത്തെത്തി. മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇന്റർനെറ്റ് നല്‍കുന്ന കേബിളുകളെ തങ്ങള്‍ ലക്ഷ്യമാക്കില്ലെന്ന് പറയുന്ന ഹൂതികള്‍ യു.എസ്, ബ്രിട്ടീഷ് സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. ചെങ്കടലിലെ 15 അന്തർ സമുദ്ര കേബിളുകളില്‍ നാലെണ്ണം അടുത്തിടെ വിച്ഛേദിക്കപ്പെട്ടെന്നും ഇത് ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ 25 ശതമാനം ഡേറ്റാ ട്രാഫികിനെ ബാധിച്ചെന്നും ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ടെലികോം കമ്ബനിയായ എച്ച്‌.ജി.സി ഗ്ലോബല്‍ കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു. ഡേറ്റാ ട്രാഫിക് മറ്റ് റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ട് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും കമ്ബനി വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാൻ, കിഴക്കേ ആഫ്രിക്കയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ട്രാഫികിനെ സംഭവം ബാധിച്ചേക്കാമെന്നും കമ്ബനി കൂട്ടിച്ചേർത്തു.
കേബിളുകള്‍ മുറിയാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഹൂതികള്‍ സംശയനിഴലിലാണ്. ഹൂതികള്‍ കേബിളുകള്‍ വിച്ഛേദിച്ചേക്കാമെന്ന് യെമനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാർ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കപ്പലുകള്‍ ആക്രമിക്കുന്നതിന് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ്, ബ്രിട്ടീഷ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. അതേ സമയം, നിജസ്ഥിതി കണ്ടെത്താൻ യു.എസ് അധികൃതർ ശ്രമം തുടരുകയാണ്. അന്തർ സമുദ്ര കേബിളുകള്‍ ഇന്റർനെറ്റിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നു. ഈ കേബിളുകളിലുണ്ടാകുന്ന തടസങ്ങള്‍ 2006ലെ തായ്‌വാൻ ഭൂകമ്ബത്തിന് പിന്നാലെ സംഭവിച്ചതു പോലുള്ള ഗുരുതരമായ ഇന്റർനെറ്റ് തകരാറുകള്‍ക്ക് കാരണമാകാം.

Share
അഭിപ്രായം എഴുതാം