ഞാന്‍ എംഎസ്എഫ്’ ആണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി സിപിഎം കുടുംബാംഗം’; എംഎസ്എഫുമായി ബന്ധമില്ലെന്ന് നവാസ്

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നടത്തിയവര്‍ക്ക് എംഎസ്എഫുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.

സിപിഎം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് ‘ഞാന്‍ എം.എസ്.എഫ്’ ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നതെന്ന് നവാസ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആനയിക്കുന്നത് സിപിഎം നേതാക്കളാണെന്നും നവാസ് പറഞ്ഞു.
പി.കെ നവാസിന്റെ കുറിപ്പ്: ആ രക്തക്കറ എം.എസ്.എഫിന്റെ ചിലവില്‍ കഴുകിക്കളയണ്ട. മൂന്ന് ദിവസം തടവിലാക്കിയവനെ വെച്ച് തന്നെ വേണോ ഈ കള്ളം മെനയല്‍? ഹോസ്റ്റലിലെ ഒരു എസ്.എഫ്.ഐ അംഗം തനിക്ക് പറ്റിയ നാല് പേരെ വെച്ച് നടത്തിയ നാടകം വളരെ നീചമായ പ്രവര്‍ത്തിയാണ്. എം.എസ്.എഫുമായി യാതൊരു ബന്ധവുമില്ലാത്ത അന്വേഷണത്തില്‍ തികഞ്ഞ സി.പി.എം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് ‘ഞാന്‍ എം.എസ്.എഫ്’ ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്.

എസ്.എഫ്.ഐ സമ്മേളനത്തില്‍ പരസ്യമായി പങ്കെടുത്ത അധ്യാപകര്‍ ഈ കേസിലുണ്ട്. പ്രതികളില്‍ പലരും പിടിക്കപ്പെടുന്നത് പാര്‍ട്ടി ആപ്പീസില്‍ നിന്നാണ്. ഈ കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആനയിക്കുന്നത് സിപിഎം നേതാക്കളാണ്. ഇത്രയും വ്യക്തമായ സി.പി.എമ്മിന്റെ ഗൂഢാലോചന നടന്ന ഈ കേസില്‍ ഇനിയും ആരെ പറ്റിക്കാനാണ് സി.പി.എമ്മും എസ്.എഫ്.ഐയും ചേര്‍ന്ന് ശ്രമിക്കുന്നത്. നിങ്ങള്‍ എം.എസ്.എഫ് വേഷമണിയിച്ച് കൊണ്ടുവന്ന ആ വിദ്യാര്‍ത്ഥി നിങ്ങളുടെ പ്ലാന്‍ പ്രകാരം കളിച്ചതാണോ, അതോ നിങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് ഇപ്പോഴും അവന്‍ മോചിതനായിട്ടില്ലേ? സംശയം കൊണ്ട് ചോദിച്ചാണ്. കാരണം മൂന്ന് നാള്‍ ഈ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ തടവില്‍ വെച്ചിരുന്നു.

ഒരുത്തനെ തല്ലി തല്ലി മൂന്ന് ദിവസമെടുത്ത് കൊന്ന് കളയുന്നത് വരെ വേദനിക്കാത്ത ഹൃദയങ്ങള്‍, പ്രതികരിക്കാത്ത മനസ്സുകള്‍ ചാനലില്‍ എസ്.എഫ്.ഐക്കെതിരെ വാര്‍ത്ത വരുമ്പോള്‍ മാത്രം വേദനിക്കുന്നതും പ്രതികരണ ശേഷി തിരിച്ച് കിട്ടുന്നുമുണ്ടെങ്കില്‍ ഒന്നുറപ്പിച്ച് പറയാം, ഈ നാടകം കൊണ്ടൊന്നും സിദ്ധാര്‍ത്ഥിന്റെ രക്ത കറ മായിച്ച് കളയാനാവില്ല.

Share
അഭിപ്രായം എഴുതാം