സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 13 പേർ

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കാശിനാഥൻ എന്ന പ്രതിയും കീഴടങ്ങി. ഇതോടെ കേസിൽ 13 പേർ പിടിയിലായി.

സിദ്ധാര്‍ത്ഥിനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു.
സിദ്ധാർത്ഥിന്റെ മരണത്തിൽ നേരത്തെ എസ് എഫ് ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങിയ പ്രതികൾക്ക് പുറമേ ഇന്നലെ ഒരാൾ കോടതിയിലും കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് (25) കൽപ്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ,​ പൊലീസ് പിടികൂടിയ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാൻ എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. കല്പറ്റ ഡിവൈ.എസ്.പി ടി,​എൻ. സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് നേതൃത്വം നൽകും.സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. കോളേജ് പരിസരത്ത് നാലിടത്ത് വച്ച് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലെ സംഘം സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചിരുന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും, കോളേജ് ഹോസ്റ്റലിൽ വച്ചും, ഹോസ്റ്റലിന് സമീപത്തെ കുന്നിൽ വച്ചും, ഡോര്‍മെറ്ററിക്ക് അകത്ത് വച്ചും മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനെല്ലാം പുറമെ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തുവെന്നും വിവരമുണ്ട്. എന്നാൽ ഇതൊക്കെ നേരിൽ കണ്ട ഒരാൾ പോലും സിദ്ധാര്‍ത്ഥനൊപ്പം നിന്നില്ല.

Share
അഭിപ്രായം എഴുതാം