“സ്മാര്‍ട്ട്’ ആകാതെ കെ സ്മാര്‍ട്ട്

കൊച്ചി: സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കൊച്ചി നഗരസഭയില്‍ ആരംഭിച്ച കെ-സ്മാര്‍ട്ട് പദ്ധതിക്കെതിരെ വ്യാപക പരാതികള്‍.
കൃത്യസമയത്ത് സേവനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ദുരിതം ഇരട്ടിയാക്കിയെന്നുമാണ് പ്രധാന ആക്ഷേപം. പരാതികള്‍ വ്യാപകമായതോടെ ടി.ജെ. വിനോദ് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കെ-സ്മാര്‍ട്ട് വന്നതിന് പിന്നാലെ ഓഫ്‌ലൈന്‍ സേവനങ്ങള്‍ നിറുത്തി വെച്ചതാണ് ദുരിതം ഇരട്ടിക്കാന്‍ കാരണമായിട്ടുള്ളത്.

കൊച്ചി നഗരത്തിന്‍റെ വികസനം ലക്ഷ്യവെച്ചു കൊണ്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സിഎസ്‌എംഎല്ലിന്‍റെ ഇ-ഗവേണന്‍സ് ഘടകത്തില്‍ നിന്നും 23 കോടി രൂപ ചെലവാക്കിയാണ് കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്ത് കേരളം മുഴുവന്‍ വിതരണം ചെയ്തത്. കൊച്ചി നഗരത്തിന്‍റെ വികസനത്തിനായി മാത്രം ഉപയോഗിക്കാന്‍ കേന്ദ്രം അനുവദിച്ച തുകയാണ് സംസ്ഥാനത്തിന് മുഴുവനുമായി ചെലവഴിച്ചത്. എന്നാല്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെ -സ്മാര്‍ട്ട് കാര്യക്ഷമമായി ഉപയോഗിക്കുമ്ബോള്‍ പണം മുടക്കിയ കൊച്ചി നഗരസഭയ്ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ കെട്ടിട നിര്‍മാണത്തിന് ആവശ്യമായ ബില്‍ഡിംഗ് പെര്‍മിറ്റ്, കെട്ടിടങ്ങളുടെ പര്‍പ്പസ് ചേഞ്ച്, നമ്ബര്‍ സ്പ്ലിറ്റ് തുടങ്ങിയ സേവനങ്ങള്‍ നിലവില്‍ കെ സ്മാര്‍ട്ട് സോഫ്ട് വെയറില്‍ ലഭ്യമല്ല. ഓര്‍ഗനൈസേഷന്‍ ലോഗിനിലൂടെ ലൈസെന്‍സികള്‍ അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ രണ്ടു മൂന്ന് സ്റ്റെപ്പുകള്‍ക്ക് ശേഷം സിറ്റിസണ്‍ നോട്ട് ഫൗണ്ട് തുടങ്ങിയ വിചിത്രമായ മെസേജുകളാണ് സ്‌ക്രീനില്‍ വരുന്നത്. ഇതു കൂടാതെ കെട്ടിടനികുതി അടയ്ക്കാനുള്ള സംവിധാനവും തകരാറിലാണ്.

കെ സ്മാര്‍ട്ട് വന്നതോടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓഫ്‌ലൈനായി നല്‍കിയിരുന്ന കെട്ടിടനികുതി, പെര്‍മിറ്റ് എന്നിവയുള്‍പ്പെടെ എല്ലാം നിര്‍ത്തലാക്കി. ഇതോടെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കാനും, ലൈസന്‍സ് പുതുക്കാനും സാധിക്കാതെ ഉടമകള്‍ നെട്ടോട്ടത്തിലാണ്.

ലൈസസന്‍സ് പുതുക്കി ലഭിക്കാതിരുന്നാല്‍ ഇവരുടെ കച്ചവടുമായി ബന്ധപ്പെട്ട മറ്റ് പെര്‍മിറ്റുകളും ലഭിക്കാതെവരും. ഓണ്‍ലൈന്‍ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ കോര്‍പറേഷനെയും ബാധിക്കുന്നുണ്ട്. ഇതുമൂലം നികുതിയുള്‍പ്പെടെ ലഭിക്കേണ്ട വരുമാന സ്രോതസുകള്‍ ഇല്ലാതാകുകയും, കോര്‍പറേഷനില്‍ സാമ്ബത്തിക പ്രതിസന്ധിരൂക്ഷമാകുന്നതിനും ഇതു വഴിതെളിക്കുന്നു.

ഉപകാരത്തേക്കാള്‍ ഉപദ്രവം: എംഎല്‍എ

കെസ്മാര്‍ട്ട് പദ്ധതി നിലവില്‍ ഉപകാരത്തെക്കാള്‍ പൊതുജനങ്ങള്‍ക്ക് ഉപദ്രവകരമായിരിക്കുകയാണെന്ന് ടി.ജെ. വിനോദ് എംഎല്‍എ പരാതിയില്‍ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കി ഇതുവരെ രണ്ടോ മൂന്നോ പെര്‍മിറ്റ് അപേക്ഷകള്‍ മാത്രമാണ് വിതരണം ചെയ്യാനായത്.

ഉദ്യോഗസ്ഥരുടെ ലോഗിനില്‍ വരുന്ന അപേക്ഷകള്‍ കൃത്യമായി പരിശോധിക്കാന്‍ കഴിയാത്തതും ഫയല്‍ നീക്കത്തിന് തടസമാകുന്നു. സര്‍വീസ് മാപ്പിംഗ് കൃത്യമായി ചെയ്യാത്തതിനാല്‍ പലപ്പോഴും സോണുകള്‍ തെറ്റിയാണ് മേലുദ്യോഗസ്ഥര്‍ക്ക് ഫയല്‍ ലഭിക്കുന്നത്. ഓവര്‍സിയര്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷ കഴിഞ്ഞ ദിവസം ചെന്നത് സെക്രട്ടറിയുടെ ലോഗിനിലാണ് എന്നത് സര്‍വീസ് മാപ്പിംഗിന്‍റ പോരായ്മയാണെന്നും എംഎല്‍എ ആരോപിച്ചു.
ജീവനക്കാര്‍ക്ക് ഫലപ്രദമായ ട്രെയിനിംഗ് നല്‍കിയില്ല, സോഫ്റ്റ് വെയറിന്‍റെ ടെക്‌നിക്കല്‍ പോരായ്മകള്‍ പരിഹരിക്കാതിരുന്നതിന് പുറമേ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ മുഖേന അപേക്ഷകള്‍ അയക്കേണ്ടതിനെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കും ലൈസെന്‍സികള്‍ക്കും അക്ഷയ സെന്‍റര്‍ ജീവനക്കാര്‍ക്കും അവബോധം നല്‍കിയില്ലെന്നും ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും എംഎല്‍എ പറഞ്ഞു.

നിലവിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അതോടൊപ്പം നിലവില്‍ അപേക്ഷകള്‍ ഓഫ്‌ലൈനായി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിക്കുന്നത് പത്തു
വര്‍ഷം ഒന്നും ചെയ്യാത്തവർ :മേയര്‍

പത്തു വര്‍ഷക്കാലം കോര്‍പറേഷന്‍ ഭരണനേതൃത്വത്തിലിരിക്കെ ഇ ഗവേണ്‍സ് പദ്ധതി നടപ്പാക്കാന്‍ ഒന്നും ചെയ്യാതിരുന്ന ആളാണ് കെ-സ്മാര്‍ട്ടിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പ്രതികരിച്ചു. മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തുന്ന വെറും വിലകുറഞ്ഞ ആക്ഷേപങ്ങളായി മാത്രമേ ഇതിനെ കാണുന്നുള്ളു.

കെ-സ്മാര്‍ട്ട് വഴി നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഡാറ്റകളുടെ അപ്‌ലോഡിംഗ് നടക്കുകയാണ്. ഇതിനിടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല, പ്രവര്‍ത്തനം അവതാളത്തില്‍ എന്നൊക്കെ പറഞ്ഞ് ആക്ഷേപം ഉന്നയിക്കുന്നത്. ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും മേയര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം