സഹകരണമേഖല വികസനത്തിന്റെ നട്ടെല്ല്; പലര്‍ക്കും അസൂയ, ആര്‍ക്കും തകര്‍ക്കാനാകില്ല- മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ക്കും കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍, സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നു.

നാടിന്റെ വികസനത്തിന്റെ കാര്യത്തില്‍ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് സഹകരണ മേഖല. ഈ വളര്‍ച്ച ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ 100-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തെ സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആര്‍ജ്ജിക്കാനായി. അത് രാജ്യത്ത് പലര്‍ക്കും അസൂയ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറക്കുകയാണെന്നും ഏത് ഏജന്‍സി വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല കേരളത്തിലെ സഹകരണ മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം സഹകരണ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ നാടാണ്. ഇവിടെ ജനങ്ങളും പ്രസ്ഥാനങ്ങളും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ താങ്ങായി സഹകരണ മേഖല പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീര്‍ത്തും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സുശക്തമായ മേഖലയാണ് സഹകരണ മേഖല. ഗ്രാമങ്ങളില്‍ ബാങ്കിങ് രീതി എത്തിച്ചത് സഹകരണ മേഖലയാണ്. ഒരു ലക്ഷത്തി എണ്‍പത്തി ആറായിരം കോടി രൂപയുടെ വായ്പയാണ് സഹകരണ മേഖല മുഖേന നടക്കുന്നത്.
നാടിന്റെ അഭിവൃദ്ധിക്കാണ് സഹകരണ മേഖല പ്രാധാന്യം നല്‍കുന്നത്. സഹകരണ മേഖല പ്രശ്നങ്ങള്‍ നേരിട്ട ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ ഫലപ്രദമായി ആ മേഖലയെ സഹായിക്കാന്‍ വന്നിരുന്നു. നോട്ടുനിരോധന ഘട്ടത്തില്‍ സഹകരണ മേഖലയെ കുറിച്ച് തെറ്റായ ചിത്രം പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി. കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
കേരളത്തിലെ സഹകരണ മേഖലയ്ക്ക് കൃത്യമായ ചട്ടവും നിയമങ്ങളുണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ സാധാരണഗതികള്‍ക്ക് ക്രമം അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കില്‍ അത്തരം ഇടപെടലാണ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് സഹകരണ മേഖലയുടെ വിശ്വാസ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ്. മുഖം നോക്കാതെയുള്ള നടപടി ഇത്തരം ക്രമക്കേട് ഉണ്ടായ സ്ഥാപനങ്ങളില്‍ ഉണ്ടായി എന്നുള്ളതാണ് അനുഭവം. സഹകരണ മേഖലയെ ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല. അത്രത്തോളം വിശ്വാസ്യത നേടിയെടുക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Share
അഭിപ്രായം എഴുതാം