ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ; തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം

2024 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് 2024-25 വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ആയിരിക്കും.2023 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.6 ശതമാനമായിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച 7.8 ശതമാനമായി വളര്‍ന്നു, ശക്തമായ ആഭ്യന്തര ഡിമാൻഡ് കാരണം ആഗോളതലത്തില്‍ രാജ്യത്തിന്റെ കയറ്റുമതി മെച്ചപ്പെട്ടു. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള ചില്ലറ പണപ്പെരുപ്പം, 2023 ഒക്ടോബറിലെ 4.87 ശതമാനത്തില്‍ നിന്ന് നവംബറില്‍ 5.55 ശതമാനമായി ഉയര്‍ന്നു, പക്ഷേ ഈ നിരക്ക് നിയന്ത്രണ വിധേയമാണ്. തെരഞ്ഞെടുപ്പില്‍ ജനപ്രീതി പിടിച്ചുപറ്റുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാനിത് സര്‍ക്കാരിന് അവസരം നല്‍കുന്നു.

നികുതി

നികുതിയിളവില്‍ എന്തെങ്കിലും വര്‍ദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ല. വ്യക്തിഗത ആദായനികുതി ഇളവ് നിലവിലെ 7 ലക്ഷം രൂപയില്‍ നിന്ന് 7.5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ജനുവരി 9-ന് ധനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. അതേ സമയം വിദേശത്തെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സ്രോതസില്‍ നിന്നും നികുതി പിരിക്കുന്നതിനുള്ള പരിധി 7 ലക്ഷം രൂപ വരെയായി ഉയര്‍ത്തിയേക്കുമെന്ന് സൂചനയുണ്ട്.

പ്രത്യക്ഷ നികുതിയിലെ വര്‍ധന

അടുത്ത ഒരു വര്‍ഷത്തേക്ക് പ്രത്യക്ഷ നികുതിയില്‍ 10.5 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ദേശീയ വരുമാനം കൂടുന്നതിനനുസരിച്ച്‌ കേന്ദ്രത്തിന്‍റെ നികുതി വരുമാനവും കൂടും. നടപ്പുസാമ്ബത്തിക വര്‍ഷം 18.2 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതിയാണ് കേന്ദ്രം കണക്കാക്കുന്നത്.

റെയില്‍വേ

ധനമന്ത്രി സീതാരാമന് റെയില്‍വേയ്ക്ക് ഉയര്‍ന്ന മൂലധന വിഹിതം നീക്കിവച്ചേക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ മുൻഗണന നല്‍കുന്നുണ്ട്. 2023-24 ലെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ മന്ത്രാലയത്തിന് 2.4 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നടപ്പു സാമ്ബത്തിക വര്‍ഷം മൂലധന ചെലവുകള്‍ക്കായി 1.85 ലക്ഷം കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. സുരക്ഷാ നടപടികള്‍ക്കായി ഫണ്ട് അനുവദിക്കുക, പുതിയ ട്രെയിനുകള്‍ വാങ്ങുക,ട്രെയിനുകള്‍ കൃത്യസമയത്ത് എത്തിച്ചേരുന്ന തരത്തിലുള്ള അടിസ്ഥാന സൌകര്യം ഒരുക്കുക എന്നിവയ്ക്കായിരിക്കും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നത്.

കാര്‍ഷിക മേഖല

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി ഉയര്‍ന്നു, 2015 സാമ്ബത്തിക വര്‍ഷത്തിലെ 22,652 കോടി രൂപ രൂപയില്‍ നിന്ന് 2024 സാമ്ബത്തിക വര്‍ഷത്തില്‍ 1.15 ലക്ഷം കോടി രൂപയായി വിഹിതം വര്‍ധിച്ചു. 2024ലെ ബജറ്റിലും ഇതേ നയം തുടരും. ഭൂവുടമകളായ കര്‍ഷകര്‍ക്കുള്ള വാര്‍ഷിക വിഹിതം 12,000 രൂപയായി ഇരട്ടിയാക്കാൻ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട് . ഇതുവഴി സര്‍ക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്.

ഹരിത ഊര്‍ജം

ഊര്‍ജ മേഖല, പ്രത്യേകിച്ച്‌ ഹരിതവും സുസ്ഥിരവുമായ ഊര്‍ജ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശമുണ്ടായേക്കാം. എന്നാല്‍ വരുന്ന ബജറ്റില്‍ പൊതുമേഖലാ എണ്ണ കമ്ബനികള്‍ക്കുള്ള വിഹിതം കുറവായിരിക്കും.

കയറ്റുമതി

2030 ഓടെ 2 ട്രില്യണ്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ജനുവരി 6 ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് സാധ്യത ഉണ്ട്.

Share
അഭിപ്രായം എഴുതാം