ആരോഗ്യവും ഐശ്വര്യവും ഉണ്ടാകണേ’; അയ്യപ്പന് കാണിക്കയുമായി അഗസ്ത്യാർകൂടത്തെ ആദിവാസി വിഭാ​ഗങ്ങൾ

ശബരിമലയിലെത്തി അയ്യപ്പന് വനവിഭവങ്ങൾ കാഴ്ചവച്ച് അഗസ്ത്യാർകൂട വനപ്രദേശങ്ങളിൽ നിന്നുള്ള ആദിവാസി വിഭാ​ഗങ്ങൾ. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട വനപ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വിവിധ കാണി സെറ്റിൽമെന്റുകളിൽ താമസിക്കുന്നവരാണ് വനവിഭവങ്ങളുമായി സന്നിധാനത്ത് എത്തിയത്. കുട്ടികൾ ഉൾപ്പെടെ 107 പേർ അടങ്ങുന്ന സംഘമാണ് ശബരിമലയിൽ വനവിഭവങ്ങളുമായി എത്തിയത്.

ദീപാരാധന സമയത്തായിരുന്നു സംഘം ദർശനത്തിന് എത്തിയത്. കാട്ടിൽ നിന്ന് ശേഖരിച്ച തേൻ, കരിമ്പ്, ഇഞ്ചി, കുന്തിരിക്കം, കരകൗശല വിദ്യ വെളിവാക്കുന്ന ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികൾ തുടങ്ങിയ ഉത്പന്നങ്ങൾ എന്നിവയാണ് അയ്യപ്പന് കാഴ്ച വച്ചത്.
അനന്തര തലമുറകൾക്ക് ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുന്നതിനാണ് അയ്യപ്പന് വനവിഭവങ്ങൾ സമർപ്പിക്കുന്നതെന്ന് ഊര് മൂപ്പൻ ഇരയിമ്മൻ കാവടി വ്യക്തമാക്കി. എല്ലാ വർഷങ്ങളിലും കാഴ്ചയുമായി സംഘം അയ്യപ്പന്റെ പൂങ്കാവനത്തിൽ എത്താറുണ്ട്. അടുത്തവർഷവും വന വിഭവങ്ങളുമായി എത്തുമെന്ന് അറിയിച്ചാണ് സംഘം മലയിറങ്ങിയത്

Share
അഭിപ്രായം എഴുതാം