വലിയ വിജയത്തിലും ബിജെപിക്ക് ‘തലവേദന’, പരിഗണനയിലുള്ളത് നിരവധിപേര്‍; മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം വൈകുന്നു

തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാകാതെ ബിജെപി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഓരോ സംസ്ഥാനത്തും പ്രത്യേകം നിരീക്ഷകരെ നിയമിച്ച് വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമെടുക്കനാണ് ഇപ്പോഴത്തെ ശ്രമം

ഭൂരിപക്ഷം ലഭിച്ച മൂന്ന് സംസ്ഥാനത്തും നിരീക്ഷകര്‍ എത്തും. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം. കേന്ദ്ര മന്ത്രിമാരും ലോക്‌സഭാ അംഗങ്ങളുമായ മുതിര്‍ന്ന നേതാക്കള്‍ കൂടി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച സാഹചര്യത്തില്‍ ഒന്നിലധികം പേരെ പരിഗണിക്കേണ്ടിവരുന്നതാണ് മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം വൈകാന്‍ കാരണം.കടുത്ത പോരാട്ടം നടക്കുമെന്ന് കരുതിയ മദ്ധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയതുകൊണ്ടുതന്നെ ശിവ്‌രാജ് സിംഗ് ചൗഹാന് അഞ്ചാമതും അവസരം നല്‍കിയേക്കും. കേന്ദ്ര നേതൃത്വത്തിന് ചൗഹാനോട് താത്പര്യമില്ലെങ്കിലും പ്രതികൂല സാഹചര്യത്തില്‍ സംസ്ഥാനത്ത് വലിയ വിജയത്തിന് നേതൃത്വം നല്‍കിയത് കണക്കിലെടുക്കാതിരിക്കാന്‍ കഴിയില്ല.ശിവ് രാജ് സിംഗ് ചൗഹാന് പുറമേ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിജയ് വര്‍ഗ്യ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഡി ശര്‍മ്മയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ആണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ധരംലാല്‍ കൗശല്‍, മുന്‍ ഐഎഎസ് ഉദ്ധ്യോഗസ്ഥനായ ഒ.പി ചൗധരി എന്നിവരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നു.രമണ്‍ സിംഗ് ഒഴികെ മറ്റ് മൂന്ന് പേരും ഒബിസി സമുദായത്തില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ആദിവാസി മേഖലയില്‍ നിന്ന് ഉള്‍പ്പെടെ ഇത്തവണ ബിജെപിക്ക് വോട്ട് വിഹിതം വര്‍ദ്ധിച്ചിരുന്നു. ഒരു ഒബിസി നേതാവ് മുഖ്യമന്ത്രിയാകട്ടേയെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അരുണ്‍ കുമാറിന് നറുക്ക് വീണേക്കും.രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കാണ് സാധ്യത കൂടുതല്‍. എംഎല്‍എമാരില്‍ ഭൂരിഭാഗത്തിന്റേയും പിന്തുണയാണ് അവര്‍ക്ക് തുണയാകുന്നത്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, രാജ്യവര്‍ദ്ധന്‍ രാത്തോഡ് എന്നിവരും പരിഗണനാപട്ടികയിലുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ്.എന്നാല്‍ റെയില്‍വേ മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്ന അശ്വിനി വൈഷ്ണവിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യമില്ല. റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന വന്ദേഭാരത് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിന് അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ തുടരേണ്ടതുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്

Share
അഭിപ്രായം എഴുതാം