സ്ത്രീധനമായി ചോദിച്ചത് 150 പവനും ബിഎംഡബ്ല്യുവും’: യുവ വനിതാ ഡോക്ടറുടെ ആത്മഹത്യയിൽ പ്രതിശ്രുത വരനെതിരെ കുടുംബം

മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വരന്റെ വീട്ടുകാർ വൻ സ്ത്രീധനം ചോദിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമായിരുന്നു അവർ ആവശ്യപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത്രയും കിട്ടിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിക്കുകയും ചെയ്തുവത്രേ.

ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും വിവാഹം നടത്താന്‍ തയാറായില്ല. വിവാഹത്തില്‍ നിന്ന് പിന്മാറി.ഇത് ഷഹ്നയെ മാനസികമായി തകർത്തുവെന്നും കുടുംബം പറയുന്നു.ബന്ധുക്കളുടെ ആരോപണം സാധൂകരിക്കുന്ന വാക്കുകൾ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും ഉണ്ടായിരുന്നു. ‘വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം’- എന്നായിരുന്നു ഷഹ്നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കും. ഷഹ്നയുടെ മൊബൈൽ ഫോണും പരിശോധനയ്ക്ക് വിധേയമാക്കും.സർജറി വിഭാഗത്തിൽ രണ്ടാംവർഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഇരുപത്തേഴുകാരി ഷഹ്നയെ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച സർജറി ഐ.സി.യുവിൽ ഷഹ്നയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് അബോധാവസ്ഥയിലായിരുന്നു ഷഹ്നയെ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.അനസ്തേഷ്യ മരുന്ന് വീര്യംകൂടിയ അളവിൽ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പിനൊപ്പം മരുന്നുകുപ്പിയും സിറിഞ്ചും പൊലീസ് കണ്ടെത്തിയിരുന്നു

Share
അഭിപ്രായം എഴുതാം