നവകേരളാസദസിൽ പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥ്; ‘മുഖ്യമന്ത്രി കാണിച്ചത് തന്റേടമുള്ള നടപടി’

പാലക്കാട് നവകേരളാസദസിൽ ഡിസിസി മുന്‍ പ്രസിഡന്റുമായ എ വി ഗോപിനാഥ് പങ്കെടുത്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നുമായിരുന്നു എ വി ഗോപിനാഥിന്റെ പ്രതികരണം. സിപിഎമ്മില്‍ ചേരുമോ എന്ന ചോദ്യത്തിന് നാളെയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ താന്‍ ജോത്സ്യനല്ലെന്നും എന്തും സംഭവിക്കാമെന്നുമായിരുന്നു ഗോപിനാഥിന്റെ മറുപടി.

എ വി ഗോപിനാഥിനെ നവകേരളാസദസിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ ക്ഷണം സ്വീകരിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനൊപ്പമാണ് എ വി ഗോപിനാഥ് പ്രഭാതയോഗത്തിനെത്തിയത്.

‘മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനമധ്യത്തിലിറങ്ങി ജനങ്ങളെ കാണുമ്പോള്‍ പാലക്കാട് ജില്ലയിലെ കുറേ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ എനിക്ക് അവസരം കിട്ടി. അതുകൊണ്ട് വന്നു. ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റെയല്ലേ, അത് എന്റെയല്ല. സിപിഎം ജില്ലാ സെക്രട്ടറി വര്‍ഷങ്ങളായി ആത്മസുഹൃത്താണ്. അതിനപ്പുറം ഒരു രാഷ്ട്രീയം അതിനില്ല. നവകേരളായാത്ര ജനങ്ങളുമായി സംവാദം നടത്താന്‍ സാധിച്ച, മുഖ്യമന്ത്രി കാണിച്ച തന്റേടമുള്ള ഒരു നടപടിയാണ്’- എ വി ഗോപിനാഥ് പറഞ്ഞു.

‘ഞാനൊരുറച്ച കോണ്‍ഗ്രസുകാരനാണ്, കോണ്‍ഗ്രസില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നയാളാണ്. പിന്നീടുള്ള ബാക്കി കാര്യങ്ങള്‍ സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ പറയാം. കെപിസിസി നേതാക്കന്മാരൊക്കെ സിപിഎമ്മുമായി നല്ല ബന്ധം പുലര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല കോണ്‍ഗ്രസ് ഇടതുപക്ഷ മുന്നണിയുമായി കൂട്ടുകൂടി ഭരിച്ചിട്ടില്ലേ, എ കെ ആന്റണി മുഖ്യമന്ത്രിയായിട്ടില്ലേ. ഒരു പാര്‍ട്ടിയുടെ ഉന്നതനേതാക്കളും ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എന്നോട് പറഞ്ഞിട്ടില്ല. സ്വാഭാവികമായും പാര്‍ട്ടി ചില കാര്യങ്ങള്‍ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. അതിന് അതിന്റേതായ രീതിയില്‍ മറുപടി നല്‍കുകയും ഞങ്ങളുടെ ബന്ധം നഷ്ടപ്പെടുത്താതെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു’- ഗോപിനാഥ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം