തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാലു പേർ വെട്ടേറ്റു മരിച്ചു;

തിരുപ്പൂർ: തമിഴ്‌നാട് തിരുപ്പൂർ പല്ലടത്ത് ഒരു കുടുംബത്തിലെ നാലു പേർ വെട്ടേറ്റു മരിച്ചു. അരിക്കട ഉടമയായ സെന്തിൽകുമാർ (47), കുടുംബാംഗങ്ങളായ മോഹൻരാജ്, രത്തിനംബാൾ, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ഒരാളാണ് നാലു പേരെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ സെന്തിൽകുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും വെട്ടേറ്റതെന്നാണ് വിവരങ്ങൾ.

ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർസംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം തന്റെ പറമ്പിൽ ഒരു സംഘം ഇരുന്ന് മദ്യപിക്കുന്നത് കണ്ട സെന്തിൽകുമാർ അവരോട് പറമ്പിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഒരാൾ വന്ന് അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സംഭവത്തിന് ശേഷം കൊലയാളി സംഘം സ്ഥലത്ത് നിന്ന് പോകുകയായിരുന്നു.

പല്ലടം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്തിൽകുമാറിന്റെ അരിക്കടയിൽ വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്തിരുന്ന വെങ്കിടേശൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഘത്തിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.സെന്തിൽകുമാറിന്റെ കുടുംബാംഗങ്ങളുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുപ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം