ബുദ്ധദേബ് ഭട്ടാചാര്യയുടെ നില ഗുരുതരമായി തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ വഴിയാണ് അദ്ദേഹത്തിന്‍റെ ജീവൻ നില നിർത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്റ്റർമാർ വ്യക്തമാക്കി. കൊവിഡ് ബാധിച്ചതിനു പിന്നാലെ ശ്വാസ കോശത്തിലെ അണുബാധയെത്തുടർന്ന് ശനിയാഴ്ചയാണ് ബുദ്ധദേബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത 24 മണിക്കൂറുകൾക്കു ശേഷം മാത്രമേ അദ്ദേഹം അപകടനില അതിജീവിച്ചോ എന്നു കൃത്യമായി പറയാനാകൂ എന്നും ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. ആലിപുറിലെ വുഡ് ലാൻഡ്സ് ആശുപത്രിയിലാണിപ്പോൾ 79 കാരനായ ബുദ്ധദേബ് ചികിത്സയിൽ തുടരുന്നത്.

2000ത്തിലാണ് ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 2011 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. 2011 ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടതിനു ശേഷം പശ്ചിമ ബംഗാളിൽ ഒരു തിരിച്ചു വരവു നടത്താൻ ഇതു വരെ ഇടതു പാർട്ടികൾക്കു സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതുപരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഇടതു പാർട്ടികൾ സംഘടിപ്പിച്ച റാലിയിലാണ് ബുദ്ധദേബ് ഭട്ടാചാര്യ അവസാനമായി പങ്കെടുത്തത്. 2015 വരെയെ അദ്ദേഹം സിപിഎം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ടായിരുന്നുള്ളൂ. 2018 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായിരുന്നു.

Share
അഭിപ്രായം എഴുതാം