നിരോധിത സംഘടനയായ ബികെഐ കെടിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: നിരോധിത ഭീകര സംഘടനകളായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) എന്നീ സംഘടനകളുടെ നേതാക്കളായ മൂന്ന് കുപ്രസിദ്ധ തീവ്രവാദികള്‍ക്കെതിരെയും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റ് ആറ് പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടെ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ നേതാക്കളായ ഹര്‍വീന്ദര്‍ സിങ് സന്ധു, ലക്ബിര്‍ സിങ് സന്ധു, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് നേതാവായ അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കെതിരെയും ഇതിന്റെ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തീവ്രവാദ പ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്നും ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രവാദ ശ്യംഖല സൃഷ്ടിച്ചിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികള്‍ക്ക് പാകിസ്ഥാനിലേയും മറ്റ് രാജ്യങ്ങളിലേയും മയക്കുമരുന്ന് കടത്തുകാരുമായും, ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായും അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കൊള്ള, അതിര്‍ത്തി കടന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്തല്‍ എന്നീ പ്രവര്‍ത്തികള്‍ക്കായി ഇന്ത്യയില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍, ക്രിമിനല്‍ സംഘങ്ങള്‍ തുടങ്ങി ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ക്രിമിനല്‍ സംഘങ്ങളുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന് വേണ്ടിയും ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സി വേണ്ടിയും പ്രതികള്‍ അനധികൃതമായി ധനസമാഹരണവും നടത്തിയിരുന്നു.
പണം നല്‍കുന്നയാളുടേയോ, പണം സ്വീകരിക്കുന്നയാളുടേയോ വ്യക്തി വിവരങ്ങള്‍ പുറത്താകാത്ത രീതിയിലായിരുന്നു സംഘം പണം കൈമാറ്റം ചെയ്തിരുന്നത്. ഈ ധനവിനിമയത്തിന്റെ സ്രോതസുകളും എന്‍ഐഎ അന്വേഷിക്കുകയാണ്.

Share
അഭിപ്രായം എഴുതാം