വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി: വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. വീടിന്റെ സകല മുറികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ വീട്ടുകാർ ദുരിതത്തിലായി. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇലഞ്ഞിപ്പുറത്ത് വിജയൻ നായരുടെ വീട്ടിലാണ് വെള്ളം കയറിയത്. 2023 ജൂലൈ 8 ന് രാവിലെ വീട്ടുകാർ കട്ടിലിൽ നിന്ന് എണീറ്റ് കാൽ കുത്തിയത് വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിലേക്കാണ്.

ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി. ഒരാഴ്ച മുൻപ് ഇവിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് പൊട്ടിയുള്ള വെള്ളമാണ് വീടിനകത്തേക്ക് കയറിയത്. ഫർണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നനയാൻ തുടങ്ങിയതോടെ ഇതെല്ലാം വീട്ടുകാർ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിവച്ചു. പൊട്ടിയ പൈപ്പ് ഇതുവരെ അടച്ചിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാവിലെ അഞ്ചര മണി മുതലാണ് വീട്ടിൽ വെള്ളം കയറിയത്. അപ്പോൾ തന്നെ ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചുവെന്നും വീട്ടുകാർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം