തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടം; ബിനീഷിന്റെ ജീവിതം മാറ്റിമറിച്ചു

കൊട്ടാരക്കര: ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം വയറ്റിനുള്ളിൽ സൂക്ഷിച്ച് ജീവിക്കുകയാണ് കൊട്ടാരക്കര പൂവറ്റൂർ കുളക്കട സ്വദേശി ബിനീഷ് ലാൽ. തെരുവുനായ കുറുകെ ചാടിയപ്പോൾ ബൈക്ക് മറിഞ്ഞുണ്ടായ അപകടമാണ് ബിനീഷിന്റെ ജീവിതത്തിലെ തലവര മാറ്റിയത്. 2022 ഒക്ടോബർ 16 ന് രാത്രി ഏഴരയ്ക്കാണ് മകളുമായുള്ള ബൈക്ക് യാത്രയ്ക്കിടയിൽ നായ കുറുകെ ചാടിയത്. നായയെ ഇടിച്ച ബൈക്ക് സമീപത്തെ പൈപ്പ് കുഴിയിലേക്കും ബിനീഷും മകളും റോഡിലേക്കും വീണു. അപകടത്തിൽ പക്ഷേ മകൾക്ക് കാര്യമായി പരുക്കേറ്റിരുന്നില്ല. പക്ഷേ, ബിനീഷിന്റെ തലയ്ക്കു ഗുരുതരമായി ക്ഷതം സംഭവിച്ചു.

ബിനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ തലയോട്ടിയുടെ ഒരു ഭാഗം തുറന്ന ശേഷം അത് വയറ്റിനുള്ളിലേക്കു സൂക്ഷിച്ചിരിക്കുകയാണ്. ഒരു സ്‌ക്രൂ പോലും തെറിച്ചു തലയിൽ കൊള്ളാതെ നോക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വീണ്ടും ശസ്ത്രക്രിയ ചെയ്തു തലയോട്ടി പുനഃസ്ഥാപിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ബിനീഷും കുടുംബവും. സഹിക്കാൻ കഴിയുന്നതിൽ അധികമാണ് ശാരീരിക പ്രശ്‌നങ്ങളെന്ന് ബിനീഷ് പറയുന്നു.

നഷ്ട പരിഹാരം തേടി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് ബിനീഷ് ലാൽ പരാതി നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം കിട്ടുമെന്നാണു പ്രതീക്ഷയിലാണ് ഈ കുടുംബം. തെരുവ് നായ ആക്രമങ്ങളുടെ കണ്ണ് നനയിക്കുന്ന വാർത്തകൾ നിത്യ സംഭവമാകുകയാണ്. വെൽഡിങ് വർക് ഷോപ് ഉടമയായ ബിനീഷിന്റെ തല വര മാറ്റിയെഴുതിയതും തെരുവ് നായ ആക്രമണമാണ്.

Share
അഭിപ്രായം എഴുതാം