ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളവും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള പ്രവര്‍ത്തനങ്ങളുടെ ശതാബ്ദി നിറവില്‍ തൊഴില്‍വകുപ്പ് പ്ലാനിങ് ബോര്‍ഡുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് 24/05/23 ബുധനാഴ്ച വൈകിട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ തെലങ്കാന തൊഴില്‍ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാര്‍ തൊഴില്‍ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴില്‍ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ വി കെ രാമചന്ദ്രന്‍ കോണ്‍ക്ലേവ് അവലോകനം അവതരിപ്പിക്കും. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി, പ്ലാനിംഗ് ആന്റ് ഇക്കണോമിക്സ് അഫയേഴ്സ് അഡീ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാര്‍ സ്വാഗതവും ലേബര്‍ കമ്മീഷണര്‍ ഡോ കെ വാസുകി നന്ദിയും പറയും. മൂന്ന് ദിവസം നടക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികള്‍, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖര്‍, നിയമജ്ഞര്‍, ഐ എല്‍ ഒ പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ ദേശീയ അന്തര്‍ദേശീയ സര്‍വകാലാശാലകളിലെ വിദഗ്ധര്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങള്‍ ഡെലിഗേറ്റ്‌സുകളായി പങ്കെടുക്കും.

തൊഴിലാളികളുടെ അവകാശങ്ങളും നിയമനിര്‍മ്മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴില്‍ രീതികളില്‍ നിന്ന് ഔപചാരിക തൊഴില്‍ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്‌നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാര്‍ഹിക തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ്, കെയര്‍ വര്‍ക്കേഴ്‌സ് എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം, ലേബര്‍ സ്ഥിതിവിവരങ്ങള്‍ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുക. കോണ്‍ക്ലേവ് 26ന് സമാപിക്കും.

Share
അഭിപ്രായം എഴുതാം