ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റിൽ.

കോഴിക്കോട്∙ ‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന മോഷണസംഘം മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ വീണ്ടും അറസ്റ്റിൽ. ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ (43) മക്കളായ മുഹമ്മദ് ഷിഹാൽ (19), ഫാസിൽ (21) എന്നിവരും കുറ്റിക്കാട്ടൂർസ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അൻഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരിൽനിന്ന് കണ്ടെടുത്തു. 2023 മെയ് 22 തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് . നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിൽ ഇവർ അറസ്റ്റിലായിരുന്നു. 2023 മെയ് ആറിനാണ് ഇതിൽ തായിഫും ഷിഹാലും ജാമ്യത്തിലിറങ്ങിയത്.

മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ആനശ്ശേരി കാവ് പരിസരത്ത് 30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെയാണ് കസബ സ്റ്റേഷൻ പരിധിയിൽ മൊബൈൽഫോൺ മോഷണം പോയത്. തുടർന്നാണ് രാത്രിയിൽ നഗരത്തിൽ കറങ്ങുന്ന സംഘത്തെ പിന്തുടരാൻ തുടങ്ങിയത്. ഇതിൽ മൊബൈൽഫോൺ മോഷ്ടിച്ച പതിനാലുകാരനെ തിങ്കളാഴ്ച അറസ്റ്റുചെയ്തിരുന്നു.

മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവും സിറ്റി ക്രൈം സ്ക്വാഡിലെ എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പപറമ്പത്ത് എന്നിവരും ചേർന്നാണ് അഞ്ചംഗസംഘത്തെ പിടികൂടിയത്. മെഡിക്കൽ കോളജിനുസമീപത്തെ ലോഡ്ജിലെ 401ാം നമ്പർ മുറിയിൽനിന്ന് പിടികൂടിയ സംഘത്തിനുമേൽ മോഷണ ആസൂത്രണത്തിനുള്ള ഐപിസി 402ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം