തീരദേശ ജനതയുടെ എണ്ണിയാല് തീരാത്ത സങ്കടങ്ങളുടെ വേലിയേറ്റം അവസാനിപ്പിക്കാന് അവരുടെ ദുരിതങ്ങളുടെ തിരയടി അവസാനിപ്പിച്ച് ഹൃദയത്തില് സന്തോഷത്തിന്റെ നങ്കൂരമിടാന് തീരസദസ്സുകള് വരുന്നു. മന്ത്രിമാര് തീരദേശത്തെ ജനങ്ങളോട് സംസാരിച്ച് അവര് നേരിടുന്ന പ്രശ്നങ്ങള് മനസിലാക്കി പരിഹാരനടപടി സ്വീകരിക്കുന്ന സദസ് കാസർകോഡ് ജില്ലയില്; 23, 24, 25 തീയതികളില്‍ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന് സദസുകള് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്കോവില് മുഖ്യാതിഥിയാകും. എം.എല്.എമാര്; അധ്യക്ഷരാകും. സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ചാണ് സദസ് സംഘടിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെയും അവകാശങ്ങളെയും വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ചത് 1300 പരാതികളാണ്. തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം നടപടികള്‍ സ്വീകരിക്കാനും നിയമസഭാമണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന തീരസദസ്-മത്സ്യത്തൊഴിലാളി സംഗമത്തില്‍ ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാരെ നേരില്‍കാണാനും പരാതികള്‍ നല്‍കാനും പരിഹരിക്കാനും അവസരമുണ്ടാകും.

തീരസദസിന്റെ ഭാഗമായി ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും തീരദേശപരിപാലന നിയമത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ പറഞ്ഞു. തീരദേശ പരിപാലന നിയമപ്രകാരം വര്‍ഷങ്ങളായി തീരത്ത് താമസിക്കുന്നവര്‍ക്ക് വീട്വയ്ക്കാനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പറ്റുന്നില്ല. പല വീടുകള്‍ക്കും വീട്ടു നമ്പറുമില്ല. ഈ പരാതികള്‍ പരിഹരിക്കണമെന്ന പരാതികളാണ് ഭൂരിഭാഗവും. ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ അനുവദിക്കുന്ന 10 ലക്ഷം രൂപ അപര്യാപ്തമാണെന്ന പരാതികളുണ്ട്. തീരത്തുള്ള പൊളിച്ചുമാറ്റിയ വീട് പുനര്‍നിര്‍മിക്കാന്‍ നല്‍കുന്ന തുക കൂട്ടണമെന്നും പലരും പരാതിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ ദൂരപരിധി 50 മീറ്ററെന്നത് വര്‍ധിപ്പിക്കണമെന്നും പരാതിയിലുണ്ട്. ആദ്യത്തെ രണ്ടുമണിക്കൂര്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും അടുത്ത രണ്ടുമണിക്കൂര്‍ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവും നടക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് പ്രയോജനപ്പെടുത്തി പ്രാദേശികമായ പരിഗണന നല്‍കി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ചുവടുവയ്പ് കൂടിയാണിത്.

Share
അഭിപ്രായം എഴുതാം