യുവാവ് 12 വയസ്സുള്ള സഹോദരിയെ കൊലപ്പെടുത്തി

താനെ (മഹാര്ഷ്ട്ര) : പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് സഹോദരിയെ കൊലപ്പെടുത്തി. 2023 മെയ് 7 ഞായറാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവുകളുണ്ടെന്നും, 30 കാരനായ പ്രതി 12 വയസ്സുള്ള സഹോദരിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ക്രൂരമായ പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയായിരുന്നു മരണം. പ്രതിയെ അറസ്റ്റ് ചെയ്തു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രതിയെ പിടികൂടി.

മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി സഹോദരനും ഇയാളുടെ ഭാര്യയ്‌ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന യുവാവ്, 12 കാരിയെ സ്ഥിരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിക്കുന്നതും പതിവാണ്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്തതായി ഉല്ലാസ്നഗർ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം