യു.എസില്‍ വീണ്ടും വെടിവയ്പ്; 9 മരണം

ഡാളസ്: അമേരിക്കയില്‍ ഷോപ്പിങ് മാളില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി അടക്കം ഒന്‍പതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം.
വടക്കന്‍ ഡാളസിലെ തിരക്കേറിയ മാളില്‍ 06/05/23 ശനിയാഴ്ചയായിരുന്നു കൂട്ടക്കുരുതി. മാളിലെ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ അക്രമി പ്രകോപനമൊന്നും കൂടാതെ തനിക്കു മുന്നിലെത്തിയവര്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഭയചകിതരായി ആളുകള്‍ രക്ഷതേടി പാഞ്ഞു. മാളിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ വിവരം അധികൃതരെ അറിയിച്ചു. സുരക്ഷാസേനയെത്തി അക്രമിയെ വെടിവച്ചുവീഴ്ത്തും മുമ്പ് എട്ടുപേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ഇതിനിടെ അക്രമികള്‍ രണ്ടുപേരുണ്ടെന്നയി അഭ്യൂഹം. സേനാംഗങ്ങള്‍ ഊര്‍ജിത തെരച്ചില്‍ നടത്തിയശേഷം ഒരാള്‍ മാത്രമാണ് അക്രമിയെന്നു സ്ഥിരീകരിച്ചു.

വെടിവയ്പ്പില്‍ ആറുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. അഞ്ചുമുതല്‍ 61 വരെ പ്രായക്കാര്‍ കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. പോലീസ് വധിച്ച അക്രമിയുടെ മൃതദേഹം മാളിലെ റസ്റ്ററന്റിനു പുറത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വെടിവയ്ക്കാനുപയോഗിച്ച എ.ആര്‍-15 തോക്കും സമീപം കാണാമായിരുന്നു. കൂടുതല്‍ വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. നാലില്‍ അധികം പേര്‍ മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്ത 195 വെടിവയ്പ്പുകളാണ് ഈവര്‍ഷം മാത്രം യു.എസില്‍ നടന്നതെന്ന് കണക്കുകള്‍ പറയുന്നു. 2020-ല്‍ 45,000 പേരും തൊട്ടടുത്തവര്‍ഷം 49,000 ആളുകളുമാണു രാജ്യത്തുണ്ടായ വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ടത്.

Share
അഭിപ്രായം എഴുതാം