നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു

തിരുവനന്തപുരം: നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതനൽകുയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനു മുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല.

ഫലത്തിൽ ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു പദ്ധതിക്കുള്ള മന്ത്രിസഭാനുമതി. ഇപ്പോൾ അഴിമതിയുടെ നിഴലിൽനിൽക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന. ഫയൽ അനുമതിക്കായി ആദ്യം വന്നപ്പോൾത്തന്നെ പദ്ധതിയുടെ സാമ്പത്തിക മാതൃകയിൽ ധനവകുപ്പ് അവ്യക്തത ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരെ സുതാര്യമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഫയൽ രണ്ടാമതും വന്നപ്പോൾ, മോട്ടോർ വാഹനവകുപ്പ് ബി.ഒ.ഒ.ടി. മാതൃകയുമായി മുന്നോട്ടുപോയതായി ധനവകുപ്പിന് മനസ്സിലായി. ധനവകുപ്പിന്റെ കാഴ്ചപ്പാടിൽ നിന്ന് ഭിന്നമായിരുന്നു ഈ മാതൃക. കെൽട്രോണിനു പങ്കാളിത്തമുള്ള പദ്ധതിക്ക് 238.82 കോടി രൂപ ഭരണാനുമതി നൽകിയതായും കണ്ടു. 2022 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അന്തിമാനുമതിക്കുമുമ്പുള്ള ഫയലുകൾ പരിഗണനയ്ക്കായി എത്തിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ ‘മാദ്ധ്യമങ്ങളോട് പറഞ്ഞു.

വാഹനയാത്രികരുടെ സുരക്ഷയ്ക്ക് ഇത്തരമൊരു പദ്ധതി അത്യാവശ്യമായതിനാൽ, പദ്ധതിയുടെ സാമ്പത്തികമാതൃകയിലും സുതാര്യതയിലുമൊക്കെ വീണ്ടും എതിർപ്പുകൾ ഉന്നയിച്ചും തിരുത്തൽ ശുപാർശചെയ്തും ഉദ്യോഗസ്ഥതലത്തിൽത്തന്നെ ഫയലുകൾ തിരിച്ചയക്കുകയായിരുന്നു. പദ്ധതിനിർവഹണത്തിനുമുമ്പ് കൈക്കൊള്ളേണ്ട നടപടികളും ശുപാർശ ചെയ്തു. എന്നാൽ ഫയൽ പിന്നെ ധനവകുപ്പിൽ തിരിച്ചെത്തിയില്ല.

ഫയൽക്കുറിപ്പുകൾ ഇങ്ങനെ

  1. ധനവകുപ്പ് ശുപാർശ ചെയ്തതിൽനിന്ന് ഭിന്നമായ സാമ്പത്തിക മാതൃകയായതിനാൽ നടപടിക്രമങ്ങളും വില സംബന്ധിച്ച ധാരണയുമൊക്കെ വ്യക്തമാക്കി പദ്ധതിനിർവഹണത്തിനായി മന്ത്രിസഭയുടെ അനുമതി തേടാം. ക്യാമറാസംവിധാനം സ്വകാര്യപങ്കാളി കൈകാര്യംചെയ്യുന്നതിനാൽ കെൽട്രോണിനായി നിർദേശിക്കപ്പെട്ട കൺസൾട്ടൻസി നിരക്കിൽ പുനഃപരിശോധന വേണം. (ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗൾ).
  2. മുമ്പ് ധനവകുപ്പ് അഭിപ്രായപ്പെട്ടതിൽനിന്ന് ഭിന്നമാണ് പദ്ധതിയുടെ ഘടന. പദ്ധതിക്കുള്ള ഫണ്ടിന്റെ ഉറവിടം വ്യക്തമല്ല. മന്ത്രിസഭാനുമതിക്കായി അന്തിമശുപാർശ ൽകുന്നതിനുമുമ്പ് മതിയായ വിഭവസമാഹരണം എങ്ങനെയെന്ന് ഉറപ്പാക്കണം. (ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ).

ഒന്നാം പിണറായി സർക്കാരിന്റെകാലത്ത് എ.ഐ. ക്യാമറാപദ്ധതിയുടെ പ്രാരംഭഘട്ടത്തിലുള്ള ഫയൽ 2020 മേയിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു മുന്നിലെത്തിയിരുന്നു. ഫയൽ കണ്ടു എന്നു രേഖപ്പെടുത്തി അദ്ദേഹം ഫയൽ മടക്കി.

Share
അഭിപ്രായം എഴുതാം