കാസർകോഡ്: ഈ വര്‍ഷം കേരള പിറവിദിനത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ട് ആകും മന്ത്രി കെ.രാജന്‍

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്മാര്‍ട്ടാക്കുക എന്നതാണ് ലക്ഷ്യം  വെക്കുന്നതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കൂഡ്‌ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റിലെ റവന്യൂ കേന്ദ്രം വരെയുള്ള വകുപ്പിന്റെ എല്ലാ ഓഫീസുകളും ഒരേസമയം ഡിജിറ്റലൈസ് ചെയ്യുകയെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് വകുപ്പെന്നും അത് യാഥാര്‍ത്ഥ്യമാകുന്നതോടെ മുഴുവന്‍ ഓഫീസുകളും സ്മാര്‍ട്ട് ആകുന്ന സംസ്ഥാനത്തെ ആദ്യവകുപ്പായി റവന്യൂ  മാറും. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 136 വില്ലേജ് ഓഫീസുകള്‍ കൂടി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉളിയത്തടുക്കയില്‍ നിര്‍മ്മിച്ച കുഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, എ.ഡി.എം എ.കെ.രമേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍ സി.എം.ബഷീര്‍ പുളിക്കൂര്‍,  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.രവീന്ദ്രന്‍, കെ.സുനില്‍കുമാര്‍, പ്രമീള മജല്‍, സിദ്ദിഖ് ചേരങ്കൈ, അനന്തന്‍ നമ്പ്യാര്‍, ഉബൈദുള്ള കടവത്ത്, തമ്പാന്‍ നായര്‍, നാഷണല്‍ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍).ജഗി പോള്‍ നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം