ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങൾ കാണിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ‘വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാൻ ഈ പൊലീസിന് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്? എന്ത് അധികാരമാണ് പൊലീസിനുള്ളത്? ഇതൊന്നും കേരളത്തിൽ നടക്കില്ല. വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരാൾ തെറ്റ് ചെയ്താൻ പൊലീസിന് ഫൈൻ അടപ്പിക്കാം.

രാത്രി അമ്മയെ ആക്രമിച്ചു എന്ന് പറഞ്ഞിട്ട് ഒരു മകൾ ആശുപത്രിയിൽ നിന്ന് വിളിക്കുമ്പോൾ പന്ത്രണ്ടരയ്ക്ക് സ്റ്റേഷനിൽ വന്ന് മൊഴി കൊടുക്കാൻ പറയുന്ന പൊലീസാണ് കേരളത്തിലുള്ളത്. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ മുഖ്യമന്ത്രി ഞെളിഞ്ഞിരിക്കുകയാണ്. പാർട്ടിക്കാർ ഭരിക്കുമ്പോൾ അതിനപ്പുറവും നടക്കും. ഒരു കമ്മീഷണർ വിചാരിച്ചാൽ സിഐയെ മാറ്റാൻ പറ്റില്ല. ഐജി വിചാരിച്ചാലും പറ്റില്ല. കാരണം സിഐയെ വച്ചിരിക്കുന്നത് പാർട്ടി ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഒക്കെയാണ്.’ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഹിൽ പാലസ് പൊലീസ് ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വച്ച് തന്നെ മനോഹരൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മനോഹരനെ പൊലീസ് മർദിച്ചു എന്നാരോപിച്ച് സഹോദരൻ വിനോദ് രംഗത്തെത്തി. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരൻ വ്യക്തമാക്കി. എന്നാൽ മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുൻപിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്നുമാണ് ഹിൽപാലസ് പൊലീസിന്റെ വിശദീകരണം. അതേസമയം സംഭവത്തിൽ എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →