കോഴിക്കോട്: ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി

വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി. നെല്‍കൃഷിക്ക് വളപ്രയോഗത്തിനായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചത്. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും വേളം കൃഷി ഭവന്റെയും നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷമമൂലകങ്ങള്‍ തളിക്കുന്നതിന്റെ പ്രദര്‍ശനം നടത്തിയത്.  കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ കെ.എ.യു സമ്പൂര്‍ണ്ണ മള്‍ട്ടിമിക്‌സ് എന്ന സൂക്ഷമ വളക്കൂട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്.

ചുരുങ്ങിയ സമയത്തില്‍ സുരക്ഷിതമായും ഫലപ്രദമായും വളപ്രയോഗം നടത്താമെന്നാണ് ഇതിന്റെ ഗുണം. കര്‍ഷകര്‍ക്കായി നെല്ല്, വാഴ, പച്ചക്കറി കൃഷി എന്നിവക്കായി ഉപയോഗിക്കാന്‍ സൂക്ഷമ മൂലകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
പെരുവയല്‍ പാടശേഖരത്തിലും ഡ്രോണ്‍ ഉപയോഗിച്ച് വളം പ്രയോഗിക്കുന്നതിന്റെ പ്രദര്‍ശനവും നടത്തി. ഡ്രോണ്‍ പറത്തലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍ നിര്‍വ്വഹിച്ചു.

 സുഗന്ധവിള ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഡോ.മുഹമ്മദ് അസ്ഹറുദ്ധീന്‍, ഫാം സുപ്രണ്ട് ഇ.എസ് സുജീഷ്, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ.പവന്‍ ഗൗഡ എന്നിവര്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ സാധ്യതകളെ പറ്റി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു, കൃഷി ഓഫീസര്‍ ശ്യാംദാസ്, വാര്‍ഡ് മെമ്പര്‍മാര്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം