ഒരു വര്‍ഷം കൂടി സമയം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര നിയമ മന്ത്രാലയം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നല്‍കിയ സമയപരിധി ഈ വര്‍ഷം ഏപ്രില്‍ ഒന്ന് വരെയായിരുന്നു.

ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡത്തിലോ വോട്ടര്‍ പട്ടികയില്‍ വരുന്നത് തടയാനാണു ആധാറും വോട്ടര്‍പട്ടികയും ബന്ധിപ്പിക്കുന്നതെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതിലൂടെ കള്ളവോട്ട് തടയാനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരുതുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 നാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വോട്ടര്‍ ഐ.ഡിയും ആധാറും ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപക പ്രചാരണം സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നു വരെ 54.32 കോടിപ്പേര്‍ ആധാറും വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

Share
അഭിപ്രായം എഴുതാം