കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം: യുവതിക്ക് നീതി ഉറപ്പാക്കും -അഡ്വ. പി.സതീദേവി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദർശിച്ചു. ഓപ്പറേഷൻ സമയത്തും തിരികെ വാർഡിലേക്ക് മാറ്റുന്നത് വരെയും രോഗികളായ സ്ത്രീകൾക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാകും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കമ്മീഷൻ പറഞ്ഞു.

ആശുപത്രിയിൽ ന‌‌ടന്ന ക്രൂരമായ സംഭവത്തെ തുടർന്ന് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ള പരാതിയിൽ  കൃത്യമായി അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നീതി ലഭ്യമാകുന്നത് വരെ കമ്മീഷന്റെ പൂർണ്ണ പിന്തുണ യുവതിക്ക് ഉണ്ടാകുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ഉറപ്പു നൽകി.

ആശുപത്രിയിൽ ജോലിക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്  സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. കുറ്റമറ്റ രീതിയിൽ  അന്വേഷണം നടത്തുന്നതിനും പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും കമ്മീഷന്റെ ഭാ​ഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും അഡ്വ.പി സതീദേവി വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടുമായും പ്രിൻസിപ്പലുമായും വനിതാ കമ്മിഷൻ അധ്യക്ഷ ചർച്ച ന‌ടത്തി.

Share
അഭിപ്രായം എഴുതാം