യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പാര്‍ട്ടി പാര്‍ലിമെന്ററി സമിതിക്കാണ് വിശദീകരണം നല്‍കിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. രാജ്യത്തെ അപമാനിക്കുന്ന ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ദേശവിരുദ്ധനായി തന്നെ മുദ്രകുത്താന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി ഭരണത്തിനു കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം ധ്വംസിക്കപ്പെടുന്നതായി യു കെയില്‍ നടത്തിയ ചോദ്യോത്തര പരിപാടിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ സംഭവിക്കുന്നത് എന്താണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാതൃകക്കെതിരെ ഭീഷണിയുയരുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നും രാഹുല്‍ പരാമര്‍ശിക്കുകയുണ്ടായി. പരാമര്‍ശത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

Share
അഭിപ്രായം എഴുതാം