സതീഷ് കൗശിക്കിനെ കൊന്നതെന്ന് വെളിപ്പെടുത്തി വ്യവസായിയുടെ ഭാര്യ: അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയതാണെന്ന അവകാശവാദം. തന്റെ ഭര്‍ത്താവാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു ഒരു ഡല്‍ഹി വ്യവസായിയുടെ ഭാര്യയാണ് അവകാശപ്പെട്ടത്. നിക്ഷേപമായി സ്വീകരിച്ച 15 കോടി രൂപ മടക്കിനല്‍കാതിരിക്കാനാണു കൊലപാതകമെന്ന് അവര്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവിനോട് പണം മടക്കിനല്‍കണമെന്നു കൗശിക് പലതവണ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ചില മരുന്ന് നല്‍കിയാണു കൊലപാതകം നടത്തിയതെന്ന് അവര്‍ പറഞ്ഞു.

മരണത്തിന് തൊട്ടുതലേന്നു ഹോളി ആഘോഷിച്ച ഫാം ഹൗസില്‍നിന്ന് ചില മരുന്നുകള്‍ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. സതീഷിന്റെ സുഹൃത്ത് വികാസ് മാലുവിന്റെ ഉടമസ്ഥതയിലാണു ഫാം ഹൗസ്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോളി ആഘോഷിക്കാന്‍ വികാസ് മാലുവിന്റെ ഫാം ഹൗസിലെത്തിയ സതീഷ് കൗശിക് ഈ മാസം ഒന്‍പതിനാണ് മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാം ഹൗസില്‍നിന്ന് കണ്ടെടുത്ത മരുന്നുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം