തമിഴ്നാട്ടിൽൽ ബിഹാറി തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി വ്യാജപ്രചാരണം : തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് വ്യാജപ്രചാരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽനിന്ന് കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുന്നു. വ്യാജ പ്രചാരണം നടത്തിയ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുപ്പൂരിൽ അതിഥി തൊഴിലാളി ട്രെയിൻ ഇടിച്ച സംഭവം കൊലപാതകം എന്ന് പ്രചരിപ്പിച്ചും മറ്റുചില അക്രമ സംഭവങ്ങളുടെ വീ‍ഡിയോ പ്രചരിപ്പിച്ചുമാണ് ഭീതി പരത്തുന്നത്. ബിഹാറിൽ നിന്നുള്ള ചിലരാണ് പ്രചാരണത്തിന്റെ പിന്നിലെന്നാണ് കണ്ടെത്തൽ.

വ്യാജപ്രചാരണം വിശ്വസിച്ച് തമിഴ്നാട്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബിഹാറി അതിഥി തൊഴിലാളികൾ തിരക്കിട്ട് നാട്ടിലേക്ക് തിരിക്കുകയാണ്. തിരുപ്പൂരിൽ അതിഥി തൊഴിലാളി തീവണ്ടി തട്ടി മരിച്ചത് കൊലപാതകമാണെന്ന് വരുത്തിത്തീർത്തും മാസങ്ങൾക്ക് മുമ്പ് ബിഹാറി തൊഴിലാളികൾ തമ്മിലും മറ്റൊരിടത്ത് കോയമ്പത്തൂരിലെ തമിഴ് തൊഴിലാളികൾ തമ്മിലും നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങളുമാണ് പ്രചരിക്കുന്നത്.

കൂട്ടത്തോടെ വണ്ടി കയറാനെത്തുന്ന തൊഴിലാളികളെ പിന്തിരിപ്പിക്കാൻ പൊലീസുദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും ചകിതരായ തൊഴിലാള്കളേറെയും നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിലാളികൾ ഭയപ്പെടേണ്ടതില്ലെന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അവർക്കുണ്ടാകില്ലെന്നും ഡിജിപി ശൈലേന്ദ്രബാബു പറഞ്ഞു. അതിഥി തൊഴിലാളികൾ സുരക്ഷിതരാണെന്നും വ്യാജം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം