എന്നെ പോലുള്ളവർ എന്തുകൊണ്ട് പാർട്ടി വിടുന്നതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ

അഗർത്തല: ത്രിപുരയിൽ ആവശ്യമെങ്കിൽ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ. ത്രിപുരയിൽ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 32 സീറ്റുകളോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തുടർച്ച നേടിയിരുന്നു.

‘ഞങ്ങൾ രണ്ടാമത്തെ വലിയ കക്ഷിയാണ്, അതിനാൽ ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിൽ ഇരിക്കും, പക്ഷേ സിപിഎമ്മിനോടോ കോൺഗ്രസിനോടോ ഒപ്പം ഇരിക്കില്ല. ഞങ്ങൾ സ്വതന്ത്രമായി ഇരിക്കും. സർക്കാരിന് ആവശ്യമുള്ളപ്പോൾ ഞങ്ങൾ അവരെ സഹായിക്കും’ മാണിക്യദേബ് ബർമൻ പറഞ്ഞു.

കോൺഗ്രസ് എന്റെ മാതൃപാർട്ടിയായിരുന്നു. ഇന്ന് തങ്ങൾ വിജയിച്ചു. അവർക്ക് കുറച്ച് സീറ്റുകളേ ലഭിച്ചുള്ളൂ. മൂന്ന് പേരാണ് കോൺഗ്രസിൽ നിന്ന് ജയിച്ചത്. പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ദേബ് ബർമൻ പറഞ്ഞു.’എന്നെ പോലുള്ളവർ എന്തുകൊണ്ട് പാർട്ടി വിടുന്നതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണം. അന്ന് കോൺഗ്രസ് വിചാരിച്ചു, ഇവനെ കൊണ്ട് ഒരു ഉപയോഗവുമില്ലെന്ന്. അവർക്ക് ഒരു പിഴവ് പറ്റിയാതാകാം’ തിപ്രമോത പാർട്ടി ചെയർമാൻ കൂട്ടിച്ചേർത്തു

Share
അഭിപ്രായം എഴുതാം