കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ ഭീകരന്‍ അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നത്. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.

അവന്തിപോരയിലെ പദ്ഗംപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് പുല്‍വാമയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശര്‍മ (40) കൊല്ലപ്പെട്ടത്.

താമസസ്ഥലമായ അചാനില്‍നിന്ന് ചന്തയിലേക്കു പോകും വഴിയാണ് ഭീകരന്‍ സഞ്ജയ്ക്കു നേരെ വെടിയുതിര്‍ത്തത്. ഇതിനു പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധം അരങ്ങേറി. കഴിഞ്ഞ വര്‍ഷം മൂന്നു കശ്മീരി പണ്ഡിറ്റുകളുള്‍പ്പെടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 14 പേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നേരത്തേ രാജ്യസഭയെ അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം