കേരളത്തിന് അപ്രതീക്ഷിത തോല്‍വി

ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ കേരളത്തിന് അപ്രതീക്ഷിത തോല്‍വി. കര്‍ണാടക ഏകപക്ഷീയമായ ഒരു ഗോളിനാണു കേരളത്തെ തോല്‍പ്പിച്ചത്. ഒഡീഷ ഫുട്‌ബോള്‍ അക്കാദമിയില്‍ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ കര്‍ണാടകയെ മുന്നിലെത്തിച്ചു. വലതു വിങ്ങില്‍നിന്നു വന്ന ക്രോസ് ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമായിരുന്നു പവാറിന്റെ ഗോള്‍. ഗോളിന് ശേഷവും കര്‍ണാടക കുറേ അവസരങ്ങള്‍ സൃഷ്ടിച്ചു. കേരളം കിണഞ്ഞു ശ്രമിച്ചിട്ടും സമനില ഗോളടിക്കാനായില്ല. കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ കേരളം 7-3 നു കര്‍ണാടകയെ തോല്‍പ്പിച്ചിരുന്നു. അന്നത്തെ മത്സരത്തില്‍ ടി.കെ. ജെസിന്‍ അഞ്ച് ഗോളടിച്ചിരുന്നു. ബംഗളുരു എഫ്.സി. റിസര്‍വ് താരങ്ങളാണു കര്‍ണാടക ടീമില്‍ കൂടുതലും. എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക 2-2 നു പഞ്ചാബിനോടു സമനില വഴങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ ഗോവയെ 3-2 നു തോല്‍പ്പിച്ച കേരളത്തിനും മൂന്ന് പോയിന്റാണ്.

14 നു നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകും. വെള്ളിയാഴ്ച ഒഡീഷയെയും ഞായറാഴ്ച പഞ്ചാബിനെയും നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമെ സെമി ഫൈനലില്‍ കടക്കാനാകു. പഞ്ചാബ് ഇന്നലെ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ 4-3 നു തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഒഡീഷ ഗോവയെ 4-1 നും തോല്‍പ്പിച്ചു. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണു മത്സരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും. സെമി മത്സരങ്ങളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലാണു നടക്കുക.

Share
അഭിപ്രായം എഴുതാം