ആനക്കുളത്ത് വീണ്ടും കാട്ടാന ചരിഞ്ഞ നിലയില്‍

അടിമാലി: ആനക്കുളത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനക്കുളം വല്യപാറക്കുട്ടിയിലാണ് പുഴയില്‍ പാറയുടെ ഗര്‍ത്തത്തില്‍ കൊമ്പനാനയുടെ ജഡം കണ്ടത്. പാറയില്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ കാല്‍വഴുതി വീണ ആന തിരികെ കയറാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. കുഴിക്കുള്ളില്‍ വെള്ളം കെട്ടി കിടന്നിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് പ്രദേശവാസികള്‍ ആനയെ കണ്ടെത്തിയത്. കൂമ്പന്‍പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഗര്‍ത്തത്തില്‍ അകപ്പെട്ട ആനയെ കരക്കെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.

ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ അപകടത്തില്‍പ്പെട്ട് കാട്ടാന ചരിയുന്ന രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങള്‍ക്ക് മുമ്പ് ബീ.എല്‍. റാമില്‍ ഏലത്തോട്ടത്തിനുള്ളിലൂടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനില്‍നിന്നും വൈദ്യുതാഘാതമേറ്റ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന ചരിഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം