ന്യൂയോര്‍ക്ക്: ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ബാര്‍ഡ് പുറത്തിറക്കി. ആഴ്ചകള്‍ക്കുള്ളില്‍ ഇത് ഉപയോക്താക്കള്‍ക്കു ലഭ്യമാകുമെന്നാണു സൂചന. ബാര്‍ഡില്‍ എന്തൊക്കെ സൗകര്യമുണ്ടെന്നു വ്യക്തമല്ല. ചാറ്റ്ജി.പി.ടിയെപ്പോലെ ഉപയോക്തക്കള്‍ക്കു ബാര്‍ഡിനോട് ചോദ്യങ്ങള്‍ ചോദിക്കാമെന്നു ഗൂഗിള്‍ വ്യക്തമാക്കി.
ചാറ്റ്ജി.പി.ടിക്കു മൈക്രോസോഫ്റ്റ് പിന്തുണ പ്രഖ്യാപിച്ചതോടെയാണു ഗൂഗിള്‍ തങ്ങളുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(നിര്‍മിത ബുദ്ധി) പദ്ധതികളുടെ വേഗംകൂട്ടിയത്. മനുഷ്യഭാഷ മനസിലാക്കാനും ഇന്റര്‍നെറ്റില്‍നിന്നു വിവരശേഖരണം നടത്തി മനുഷ്യഭാഷയില്‍ മറുപടി നല്‍കാനും ചാറ്റ്ജി.പി.ടിക്കാകും.
ചാറ്റ്ജി.പി.ടി. പ്രഖ്യാപിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 10 കോടി ഉപയോക്താക്കളെയാണു ലഭിച്ചത്. മൈക്രോസോഫ്റ്റില്‍നിന്നു 1000 കോടി ഡോളറിന്റെ നിക്ഷേപവും ലഭിച്ചു. യു.എസിലെ പ്രധാന പരീക്ഷകളിലൊന്നായ യു.എസ്. മെഡിക്കല്‍ ലൈസന്‍സിങ് എക്‌സാം ചാറ്റ്ജി.പി.ടി. പാസായതും വാര്‍ത്തയായിരുന്നു. റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ഫ്രം ഹ്യൂമന്‍ ഫീഡ്ബാക്ക് (ആര്‍.എല്‍.എച്ച്.എഫ്.) ആണു ചാറ്റ്ജിപിടിയുടെ കരുത്ത്. മനുഷ്യ സംഭാഷണം അനുകരിക്കാനും തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചാറ്റ്ജിപിടിക്കാകും. തെറ്റുകള്‍ സമ്മതിക്കാനുള്ള കഴിവാണു വലിയ പ്രത്യേകത. തെറ്റായ വാക്കുകളെ തള്ളിക്കളയാനും അനുചിതമായ അഭ്യര്‍ത്ഥനകള്‍ നിരസിക്കാനും ചാറ്റ്ജിപിടിക്കാകും.