ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ

ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ 10 പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ദുരിതബാധിതര്‍ക്ക് ഏറ്റവും വേഗത്തില്‍ സഹായം എത്തിക്കാനും ലക്ഷ്യമിട്ടാണു നടപടിയെന്ന് എര്‍ദോഗന്‍ പറഞ്ഞു. രാജ്യത്ത് ശതകത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തെത്തുടര്‍ന്നുള്ള രക്ഷാദൗത്യത്തില്‍ എര്‍ദോഗന്‍ ഭരണകൂടം പരാജയപ്പെട്ടെന്ന പ്രതിപക്ഷ വിമര്‍ശനത്തിനു പിന്നാലെയാണ് പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. ദുരന്തമുഖത്ത് പകച്ചുപോയ ഭരണകൂടത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായിരുന്നു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ വൈകിയെന്നുകാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ 3,550 പേരും സിറിയയില്‍ 1,602 പേരും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

Share
അഭിപ്രായം എഴുതാം