പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരൂര്‍: ശിക്ഷാവിധി കേട്ട് ഓടിപ്പോയ പോക്‌സോ കേസ് പ്രതി കോടതിക്കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടക്കല്‍ ആട്ടിരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (27) ആണ് കോടതിക്കെട്ടിടത്തില്‍ നിന്നു ചാടിയത്. തിരൂര്‍ കോടതി സമുച്ചയത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.

2014 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടക്കല്‍ പോലീസാണ് അബ്ദുള്‍ ജബ്ബാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിചാരണയ്ക്കുശേഷം വിവിധ വകുപ്പുകളിലായി 18 വര്‍ഷം തടവിനും 65,000 രൂപ പിഴയൊടുക്കാനും ജഡ്ജി പി.ആര്‍. ദിനേശ് ശിക്ഷിച്ചു.ശിക്ഷകേട്ട അബ്ദുള്‍ ജബ്ബാര്‍ അസ്വസ്ഥനായി. ജയിലിലേക്കു കൊണ്ടുപോകാന്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള കോടതി വരാന്തയിലേക്ക് എത്തിച്ചയുടന്‍ ഇയാള്‍ താഴേക്കു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം