ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി കുന്നത്ത്മല കോളനി റോഡ് നവീകരണം

തിരുവനന്തപുരം: വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്‌നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലകോളനി റോഡിന്റെ പുനർനിർമാണവും പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. പട്ടികജാതിക്കാർ അധിവസിക്കുന്ന കുന്നത്തുമല കോളനിയിലെ, റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ചെമ്മരുതി, ചിറപ്പാട് ഭാഗങ്ങളിലേക്കുള്ള യാത്രക്ലേശത്തിനും വിരാമമാകും.

റോഡുകൾ പുതുക്കി പണിയുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 64.14 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മടവൂർ-കക്കോട്-മൂന്നാംവിള അംഗൻവാടി റോഡ്, നാവായിക്കുളം-കനകവിള റോഡ്, പറക്കുന്ന്-ആന പൊയ്ക റോഡ് , ആശാരിമുക്ക്-പടിഞ്ഞാറ്റത്തിൽ റോഡ്, ചെമ്മരുതി ശ്രീകൃഷ്ണ സ്വാമി -പയറ്റുവിള റോഡ്, കുളത്തുങ്കര തൈക്കാവ് റോഡ് ( നാവായിക്കുളം ) എന്നിവയാണ് മണ്ഡലത്തിൽ പുനർനിർമാണത്തിനായി ഒരുങ്ങുന്ന റോഡുകൾ. കാലതാമസമില്ലാതെ ഇവയുടെ പണി പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

Share
അഭിപ്രായം എഴുതാം