അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷി സുനകും പാര്‍ട്ടിയും അടിപതറുമെന്ന് സര്‍വേ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ള 15 മന്ത്രിമാരും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കുമെന്ന് സര്‍വേ ഫലം. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ളവര്‍ അടിപതറുമെന്നാണ് സര്‍വേ ഫലത്തെ ഉദ്ധരിച്ചുള്ള ‘ദ ഇന്‍ഡിപെന്‍ഡന്റ്’ പ്രവചിക്കുന്നത്. എന്നാല്‍, മന്ത്രിസഭയിലെ അഞ്ചു പേര്‍ സുരക്ഷിതരായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്താരാഷ്ട്ര മൂല്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമായുള്ള അടുത്ത ബന്ധത്തിനു വേണ്ടി പ്രചാരണം നടത്തുന്ന ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ എന്ന ഗ്രൂപ്പിന്റേതാണു സര്‍വേ. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കു മുന്നേറ്റം പ്രവചിക്കുന്ന ഇവര്‍ ടോറികളുടെ വന്‍ തകര്‍ച്ചയ്ക്കും അടിവരയിടുന്നു. നിലവിലെ കാബിനറ്റിലുള്ള ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ, വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്, കോമണ്‍സ് നേതാവ് പെന്നി മോര്‍ഡൗണ്ട്, പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി എന്നിവര്‍ അടിപതറുമെന്നാണു സര്‍വേയിലെ വിശകലനം. അതേസമയം ജെറമി ഹണ്ട്, സുല്ല ബ്രാവര്‍മാന്‍, െമെക്കല്‍ ഗോവ്, നാദിം സവാവി, കെമി ബാഡെനോക്ക് എന്നീ മന്ത്രിമാര്‍ സുരക്ഷിതരായിരിക്കും.

സ്‌കോട്ടിഷ് സെക്രട്ടറി അലിസ്റ്റര്‍ ജാക്ക്, റാബ്, എന്നിവരൊഴികെ നിലവിലെ എല്ലാ ടോറി എം.പിമാരും ലേബര്‍ പാര്‍ട്ടിക്കു മുന്നില്‍ കീഴടങ്ങുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിര്‍ണ്ണായകമായ 10 സീറ്റുകളെക്കുറിച്ചുള്ള പ്രത്യേക വിശകലനത്തിലും ലേബര്‍ പാര്‍ട്ടി മുന്നേറുമെന്നു സൂചനയുണ്ട്. സുനക് മന്ത്രിസഭ ഒരു തുടച്ചുനീക്കലില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്ന് ‘ബെസ്റ്റ് ഫോര്‍ ബ്രിട്ട’ന്റെ ചീഫ് എക്‌സിക്യൂട്ടീവ് നവോമി സ്മിത്ത് പറഞ്ഞതായി വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ടോറികള്‍ക്ക് വന്‍ തിരിച്ചടി നേരിടുമെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം മുമ്പു വിചാരിച്ചതിലും കുറവായിരിക്കുമെന്നും സര്‍വേ വിശകലനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

ആരോഗ്യരംഗത്തെ ജീവനക്കാര്‍ക്കുള്ള വേതനം മെച്ചപ്പെടുത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അംഗങ്ങളില്‍നിന്ന് ഉള്‍പ്പെടെ പ്രധാനമന്ത്രി ഋഷി സുനകിനു മേല്‍ സമ്മര്‍ദ്ദമുണ്ട്. ശമ്പളത്തെക്കുറിച്ചു യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഇന്നലെ അദ്ദേഹത്തിന് പറയേണ്ടിയും വന്നു. മന്ത്രിമാര്‍ മുമ്പ് വിസമ്മതിച്ചിരുന്ന കാര്യമാണിത്.

Share
അഭിപ്രായം എഴുതാം