കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി

വാഷിങ്ടണ്‍: ഒടുവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി. 15-ാം റൗണ്ട് വോട്ടെടുപ്പിലാണു വിജയം. ഇടക്കാല തെരഞ്ഞെടുപ്പിലാണു ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയത്.ഇതേത്തുടര്‍ന്നു സ്പീക്കര്‍ നാന്‍സി പെലോസി രാജിവയ്ക്കുകയും ചെയ്തു. യു.എസില്‍ പ്രസിഡന്റ്, െവെസ് പ്രസിഡന്റ് പദവികള്‍ കഴിഞ്ഞാല്‍ അധികാരമുള്ള പ്രധാന സ്ഥാനങ്ങളിലൊന്നാണു സ്പീക്കറുടേത്. സ്പീക്കറായി മക്കാര്‍ത്തിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടി അംഗങ്ങളായ ജനപ്രതിനിധികള്‍ വിയോജിക്കുകയായിരുന്നു. ഹക്കിം ജെഫ്രീസായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. റിപ്പബ്ലിക്കന്‍ നേതാവ് മാറ്റ് ഗേറ്റ്‌സായിരുന്നു വിമതനീക്കത്തിനു നേതൃത്വം നല്‍കിയത്. ഇതേത്തുടര്‍ന്നു സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ല. ഭൂരിപക്ഷത്തിന് 217 വോട്ടുകളാണു വേണ്ടിയിരുന്നത്. ആദ്യ 11 റൗണ്ട് വോട്ടെടുപ്പിലും വിമതര്‍ ഉറച്ചുനിന്നു. 12-ാം റൗണ്ടില്‍ 14 റിപ്പബ്ലിക്കന്‍ വിമതരുടെ പിന്തുണ മക്കാര്‍ത്തി ഉറപ്പാക്കി. അടുത്ത റൗണ്ടില്‍ ഒരു വോട്ടുകൂടി സ്വന്തമാക്കി. പക്ഷേ, ഭൂരിപക്ഷം അകലെയായിരുന്നു. ഇതോടെ മത്സരത്തില്‍നിന്നു പിന്മാറാന്‍ നേതാക്കള്‍ അദ്ദേഹത്തെ ഉപദേശിച്ചു. അതിനുവഴങ്ങാതെ വിമതര്‍ക്കിടെ ചേര്‍ച്ചയുണ്ടായിക്കാണ് അദ്ദേഹം 15-ാം റൗണ്ടില്‍ 217 വോട്ട് സ്വന്തമാക്കിയത്.പ്രധാന സമിതികളില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് അദ്ദേഹം ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇതു പാര്‍ട്ടിയില്‍ കൂടുതല്‍ ഭിന്നതയ്ക്കു വഴിവയ്ക്കുമെന്നു കരുതുന്നവരുണ്ട്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 222 ജനപ്രതിനിധിസഭാ സീറ്റുകളാണു ലഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 212 സീറ്റാണു ലഭിച്ചത്.

Share
അഭിപ്രായം എഴുതാം