ശ്രീനിവാസൻ വധക്കേസ്: എൻഐഎക്ക് കൈമാറാൻ ഡിജിപിയുടെ ഉത്തരവ്

പാലക്കാട്: ശ്രീനിവാസൻ വധക്കേസിന്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഡിജിപി നൽകിയത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 42 പേരാണ് അറസ്‌റ്റിലായത്.

2022 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്ഐ പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.

ആകെ 48 പ്രതികളുള്ള കേസില്‍ ഭൂരിഭാഗം പ്രതികളെയും അറസ്‌റ്റ് ചെയ്‌തിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്‌പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം സൈബര്‍ പോലീസിന് കൈമാറി. പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്‌പി അനില്‍ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്‌റ്റ് ചെയ്‌തതോടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയില്‍ പാലക്കാട് സൗത്ത് പോലീസെടുത്ത കേസാണ് സൈബര്‍ വിഭാഗത്തിന് കൈമാറിയത്.

Share
അഭിപ്രായം എഴുതാം