കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഡബ്ല്യു.എച്ച്.ഒ.

ജനീവ: കോവിഡ്-19 മഹാമാരിയേത്തുടര്‍ന്നുള്ള ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ).
അടുത്തവര്‍ഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കോവിഡ്-19 അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. വിദഗ്ധസമിതി ജനുവരിയില്‍ യോഗം ചേരും.

ആഗോളതലത്തില്‍ കോവിഡ് ഭീതി കുറഞ്ഞെങ്കിലും മഹാമാരിക്കു കാരണമായ സാര്‍സ്-കോവി-2 െവെറസ് വിട്ടൊഴിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നല്‍കി. മറ്റ് ശ്വാസകോശരോഗങ്ങള്‍ക്കൊപ്പം സാര്‍സ്-കോവി-2 െവെറസിനെയും നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും കഴിയണം. ഇന്‍ഫ്‌ളുവന്‍സ, റസ്പിറേറ്ററി സിന്‍സിഷ്യല്‍ െവെറസ് (ആര്‍.എസ്.വി) രോഗങ്ങളുടെ വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാണ്.

പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്നതാണു കോവിഡ് മഹാമാരി നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നു ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തു മത്സരവും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നതിനു പകരം ആഗോളസഹകരണം മെച്ചപ്പെടുത്തണമെന്നതാണു മറ്റൊന്ന്. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് ആഗോളതലത്തില്‍ ആരോഗ്യമേഖലയിലുണ്ടായ ആശയക്കുഴപ്പം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് തരംഗസാധ്യതകള്‍ ലോകത്ത് ഇപ്പോഴും സജീവമാണെന്നു ഡബ്ല്യു.എച്ച്.ഒ. ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം സാങ്കേതികമേധാവി മരിയ വാന്‍ കെര്‍മഖാവ് മുന്നറിയിപ്പ് നല്‍കി. പല രാജ്യങ്ങളിലും പ്രതിദിന കോവിഡ് മരണങ്ങള്‍ ഇപ്പോഴും 8000-10,000 വരെയാണ്. സാര്‍സ്-കോവി-2 െവെറസ് ഭാവിയില്‍ എങ്ങനെ രൂപാന്തരം പ്രാപിക്കുമെന്നു െവെദ്യശാസ്ത്രത്തിന് ഇപ്പോഴുമറിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ െമെക് റ്യാന്‍ ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം