ഗുരുവായൂർ റെയിൽവെ മേൽപ്പാലം: പില്ലർ നിർമ്മാണ തടസങ്ങൾ നീങ്ങി

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന്റെ പില്ലർ നിർമാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ നീങ്ങിയതായി എൻകെ അക്ബർ എംഎൽഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്  ആർബിഡിസികെ ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

റെയിൽവെ മേൽപ്പാലത്തിന്റെ പില്ലർ നിർമാണത്തിനായി സ്റ്റാറ്റിക് ടെസ്റ്റ്‌ നടത്തണമെന്നാണ് റെയിൽവെ അറിയിച്ചിരുന്നത് .എന്നാൽ സ്റ്റാറ്റിക് ടെസ്റ്റ്‌ പഴയതും കാലതാമസം എടുക്കുന്നതുമാണ്. അതിനാൽ പില്ലർ നിർമാണത്തിന്റെ ഭൂമിയുടെ പരിശോധനക്കായി ഡൈനാമിക് ടെസ്റ്റ്‌ വേണമെന്ന ആവശ്യം റെയിൽവെ അംഗീകരിച്ചു. ഒരു ദിവസം കൊണ്ട് തന്നെ ഡൈനാമിക് ടെസ്റ്റ്‌ പൂർത്തീകരിക്കാനും ഒരാഴ്ചയ്ക്കകം നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള തടസങ്ങളെല്ലാം പരിഹരിച്ച് റിറ്റൈനിങ് വാൾ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികളും അടിയന്തിരമായി ആരംഭിക്കാനും തീരുമാനിച്ചതായി  ആർബിഡിസികെ ഉദ്യോഗസ്ഥർ അറിയിച്ചതായി എംഎൽഎ പറഞ്ഞു.

Share
അഭിപ്രായം എഴുതാം