പിഎന്‍ബിയില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ്; മാനേജര്‍ കോടതിയില്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ പഞ്ചാബ് നാഷനല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ മുന്‍കൂര്‍ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലെ പിഎന്‍ബി ശാഖയിലെ മുന്‍ സീനിയര്‍ മാനേജരായിരുന്ന എം പി റിജിലാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്. ഹരജി ഇന്ന് പരിഗണിക്കും. എം പി റിജിലിനെതിരെ സാമ്പത്തിക ക്രമക്കേടിന് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. ബാങ്ക് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ റിജില്‍ ഒളിവില്‍ പോവുകയായിരുന്നുഅതേസമയം, പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോയമ്പത്തൂര്‍ ഓഫിസില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട് ശാഖയിലെ മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കുന്നത് തുടരുകയാണ്. നാലു ദിവസത്തിനകം സംഘം അവസാന റിപ്പോര്‍ട്ട് തയാറാക്കും.

ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജര്‍ സി ആര്‍ വിഷ്ണുവിന്റെ പരാതിയിലാണ് മുന്‍ മാനേജര്‍ക്കെതിരെ കേസെടുത്തത്. കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അധികൃതര്‍ അറിയാതെ പിന്‍വലിച്ചത് 14.5 കോടി രൂപയാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം 2,53,59,556 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു. ഈ തുക കോര്‍പറേഷന്റെ അക്കൗണ്ടില്‍ ബാങ്ക് തിരിച്ചേല്‍പിച്ചതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. പുതുതായി കണ്ടെത്തിയ 12 കോടിയോളം രൂപ കുടുംബശ്രീ അക്കൗണ്ടുകളില്‍ നിന്നുള്ളതാണ്. 1.89 കോടി ഒരു അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്

Share
അഭിപ്രായം എഴുതാം