ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടപെടരുത്: അമേരിക്കയ്ക്ക് ചൈനയുടെ താക്കീത്

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നു യു.എസ്. അധികൃതര്‍ക്കു ചൈനയുടെ താക്കീത്. യു.എസ്. പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ യു.എസ്. കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ ഇടയാക്കുമെന്നതിനാല്‍ നിയന്ത്രണരേഖയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ചൈന ആഗ്രഹിക്കുന്നതായി ചൈനീസ് സൈനികസന്നാഹങ്ങള്‍ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മുഴുവന്‍ ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന സൈനികവിന്യാസം നടത്തുകയും താവളങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നേരിയ പുരോഗതി മാത്രമാണുള്ളതെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചൈന സ്ഥാപിച്ച സൈനികത്താവളം ഇന്ത്യക്കു ഭീഷണിയാണെന്നു റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ വിമാനവാഹിനി കപ്പലുകളും അന്തര്‍വാഹിനികളും ചൈന എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യമുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിവ. എതിരാളികള്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും അതിര്‍ത്തിയില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്നുമാണ് ഓരോ രാജ്യവും ആഗ്രഹിക്കുന്നത്. എന്നാല്‍, ചൈനയും ഇന്ത്യയും അതിനു തയാറല്ല. അതിര്‍ത്തിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ തങ്ങളുടെ പ്രവിശ്യയില്‍ കടന്നുകയറുന്നതായി ചൈന ആരോപിക്കുന്നതായും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം