ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നടപടി വേണം : നവംബർ 28 ന് യു ഡി എഫ് ഹർത്താൽ

ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഇടുക്കി ജില്ല കമ്മറ്റി സമരം ശക്തമാക്കി. രണ്ടം ഘട്ട സമരത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് യു ഡി എഫ് ജനപ്രതിനിധികളും നേതാക്കളും ഏകദിന സത്യാഗ്രഹം നടത്തി. സത്യാഗ്രഹത്തിന് ശേഷം സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ജില്ലയിൽ 28 ാം തിയതി ഹർത്താൽ ആചരിക്കാനാണ് യു ഡി എഫ് തീരുമാനം.

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളെ ദോഷകരമായി ബാധിക്കുന്ന 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാണ് യു ഡി എഫ് പ്രധാനമായും ആവശ്യപ്പെടുന്നത്. എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന പ്രഖ്യാപനം ആവർത്തിക്കുന്നുണ്ട്. എന്നാൽ നടപടിയൊന്നുമാകുന്നില്ല. വിഷയം ഉന്നയിച്ച് എൽ ഡി എഫ് പോലും സമര രംഗത്തെത്തിയിരുന്നുവെന്നും യു ഡ‍ി എഫ് നേതാക്കൾ ചൂണ്ടികാട്ടി.

ഇതോടൊപ്പം വനത്തിനു പുറത്തേക്ക് ബഫർ സോൺ വ്യാപിപ്പിക്കാനുള്ള തീരുമാനം, കെട്ടിട നിർമ്മാണ നിരോധനം എന്നിവ പിൻവലിക്കണ മെന്നും യു ഡി എഫ് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫ് കൺവീനർ എം എം ഹസൻ സമരം ഉദ്ഘാടനം ചെയ്തു., യു ഡി എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. 2022 ഡിസംബർ 31 നുള്ളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജനുവരിയിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങുമെന്നും യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസ് ഇടുക്കിയിലെ കർഷകരോട് ചെയ്ത തെറ്റിൻറെ പ്രായശ്ചിത്തമാണ് 28 ന് ആഹ്വാനം ചെയ്തിരിക്കുന്ന ജില്ലാ ഹർത്താലെന്നാണ് സി പി എം നേതാവും മുൻ മന്ത്രിയുമായ എം എം മണി എം എൽ എ ഇതിനോട് പ്രതികരിച്ചത്. വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിൻറെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂ പ്രശ്നങ്ങൾ ഇത്രയധികം വഷളാക്കിയത് കോൺഗ്രസ് ആണെന്നും എം എം മണി കട്ടപ്പനയിൽ പറഞ്ഞു

Share
അഭിപ്രായം എഴുതാം