പള്ളിയിലെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

കൂത്തുപറമ്പ് : മെരുവമ്പായി പള്ളിയിലെ അന്‍പതിനായിരം രൂപയുടെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടുവിലായിയിലെ വി.മഞ്ജുനാഥ് (23), വേങ്ങാട് കുരിയോട്ടെ പി.വി.നിഥിന്‍ (32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.

13/11/2022 ഞായറാഴ്ച രാത്രിയായിരുന്നു പള്ളിയിലെ പാചകശാലയില്‍ മോഷണശ്രമം നടന്നത്. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തി.തിങ്കളാഴ്ച രാത്രി പാതിരിയാട് പാലയില്‍ ഈ ബൈക്ക് നിര്‍ത്തിയതായി കണ്ടെത്തി. സമീപത്ത് തന്നെ മഞ്ജുനാഥിനെയും കണ്ടു.

ചോദ്യംചെയ്തപ്പോള്‍ മോഷണശ്രമത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസിന് വ്യക്തമായി. സംഭവത്തില്‍ ഉള്‍പ്പെട്ട നിഥിനെ പിന്നീട് കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. മോഷണം അഞ്ചോളം കേസുകളില്‍ പ്രതിയാണ് മഞ്ജുനാഥെന്ന്. കാപ്പ കേസില്‍ ജയിലില്‍ കഴിഞ്ഞ ഇയാള്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസിലും ബോംബേറ് കേസിലും ഇയാള്‍ പ്രതിയാണ്.

എസ്.ഐ. ദീപ്തി, സിവില്‍ പോലീസ് ഓഫീസര്‍ പ്രശോഭ് എന്നിവരും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയോടൊപ്പം സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം